അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയെകുറിച്ച് സംസാരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനും മുൻ വെയ്ൽസ് താരവുമായ മാര്‍ക്ക് ഹ്യൂസ്. 2008 സീസണില്‍ സൂപ്പർതാരം ലയണല്‍ മെസിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിച്ചിരുന്നുവെന്നാണ് മാര്‍ക്ക് ഹ്യൂസ് പറഞ്ഞത്. നോപ്പിട്ടാപ്പി ഫുട്ബോള്‍ പോര്‍ട്ട് കാസ്റ്റിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റര്‍ മുന്‍ പരിശീലകന്‍.
അവര്‍ എന്നോട് ചോദിച്ചു നിങ്ങള്‍ക്ക് ആരെയാണ് വേണ്ടതെന്ന്. എന്നാല്‍ ആ കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടേബിളില്‍ മുന്നിട്ടു നില്‍ക്കുന്ന ടീം ഒന്നുമല്ലായിരുന്നു എന്ന് പല ആളുകളും മറക്കുന്നു. ഞങ്ങള്‍ ആ സീസണില്‍ മുന്നോട്ടു വന്നിട്ടില്ല.
മാഞ്ചസ്റ്റര്‍ സിറ്റി ആ കാലത്ത് മികച്ച ഓഫറുകള്‍ മെസിക്ക് മുന്നില്‍ വെച്ചു. എന്നാല്‍ ആ സമയങ്ങളില്‍ റയല്‍ മാഡ്രിഡില്‍ നിന്നും ചെറിയ ഓഫര്‍ അദ്ദേഹത്തിനു മുന്നില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മെസിയെ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. ആ സമയങ്ങളില്‍ മെസിക്കായി വലിയ തരത്തിലുള്ള ഓഫറുകള്‍ നിലനിന്നിരുന്നു,’ മാര്‍ക്ക് ഹ്യൂസ് പറഞ്ഞു.
നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
നിലവില്‍ മെസി പരിക്കിന്റെ പിടിയിലാണ്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെ ആയിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല.
Content Highlight: Former Manchester City Coach Talks They Have Try To Sign Lionel Messi