മുംബൈ: നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയായ അമൃത ഫഡ്‌നാവിസ്.
സംസഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും, ട്രാഫിക് ജാമില്‍ പെട്ടു കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് കുടുംബത്തോടം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇതു കാരണം പല കുടുംബങ്ങളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പല വിവാഹ ബന്ധങ്ങളും തകരുകയാണെന്നും അമൃത ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അമൃത ഫഡ്‌നാവിസിന്റെ പ്രസ്താവന.
‘മുംബൈയിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അവര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്,’ അമൃത ഫഡ്‌നാവിസ് പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളിലെ കുണ്ടും കുഴിയും കാരണം തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്നും അവര്‍ പറയുന്നു.
‘ഞാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയാണെന്ന കാര്യം വിട്ടേക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. റോഡിലെ കുണ്ടും കുഴിയും കാരണം നിങ്ങളെ പോലെ ഞാനും ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്,’ അമൃത ഫഡ്‌നാവിസ് പറഞ്ഞു.
അതേസയം, ശിവസേനാ നേതാവായ പ്രിയങ്ക ചതുര്‍വേദി അമൃതയുടെ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ന് കേട്ടതില്‍ വെച്ച് ഏറ്റവും യുക്തിയില്ലാത്ത പ്രസാതാവനയാണെന്നായിരുന്നു ചതുര്‍വേദിയുടെ പ്രസ്താവന.
‘മുംബൈയിലെ മൂന്ന് ശതമാനം ജനങ്ങളും വിവാഹമോചനം നേടുന്നതിന് കാരണം ട്രാഫിക് ബ്ലോക്ക് ആണെന്നതാണ് ഇന്നു കേട്ടതില്‍ വെച്ച് ഒട്ടും ലോജിക്കില്ലാത്ത പ്രസാതാവന.
നിങ്ങളുടെ സ്വബോധം നഷ്ടപ്പെടുന്നതിനേക്കാള്‍ മുമ്പ് ദയവായി നിങ്ങള്‍ ഒരു ദിവസം അവധിയെടുക്കൂ. ബെംഗളൂരിലെ ജനങ്ങള്‍ ദയവായി ഇത് വായിക്കരുത്, നിങ്ങളുടെ വിവാഹ ബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുക്കേണ്ടി വരും,’ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.
അമൃത ഫഡ്‌നാവിന്റെ പേര് പരാമര്‍ശിക്കാതെയാണ് പ്രിയങ്ക അവര്‍ക്കെതിരെ പരിഹാസവുമായെത്തിയത്.
Content highlight: Former Maharashtra CM Devendra Fadnavis’s wife says 3% of divorce in Mumbai due to traffic jam