| Sunday, 15th September 2024, 8:07 pm

ആ സമയമായാൽ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കണം: മുൻ ലിവർപൂൾ താരം

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ട് പതിറ്റാണ്ടുകളായി ഫുട്ബോള്‍ ലോകത്തില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ 39ാംവയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യങ്ങളാണ് റൊണാള്‍ഡോ കളിക്കളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ റൊണാള്‍ഡോ തന്റെ നീണ്ട ഫുട്ബോള്‍ യാത്രയുടെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോവുന്ന ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുമോ എന്നും ഫുട്‌ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്നുണ്ട്.

ഇപ്പോള്‍ റൊണാള്‍ഡോയോട് ഫുട്ബോളില്‍ നിന്നും വിരമിക്കാന്‍ ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ലിവര്‍പൂള്‍ താരം മാര്‍ക്ക് ലോറന്‍സണ്‍. ഈ സീസണ്‍ അവസാനിക്കുന്നതോടുകൂടി റൊണാള്‍ഡോ ഫുട്ബോളില്‍ നിന്നും വിരമിക്കണമെന്നാണ് ലോറന്‍സണ്‍ പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോഴും സൗദി അറേബ്യയില്‍ ഗോളുകള്‍ നേടുന്നുണ്ട്. പക്ഷേ അവന്‍ ടീമിനൊപ്പം ഒരു പുതിയ കരാറില്‍ ഒപ്പിടുമോ? എനിക്ക് ഉറപ്പില്ല. റൊണാള്‍ഡോക്ക് ഒരു മികച്ച ടീം മേറ്റിനെ ആവശ്യമായെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് അവിശ്വസനീയമായ ഒരു ഫുട്‌ബോള്‍ യാത്ര തന്നെ ലഭിച്ചു. ഒരുപക്ഷെ ഈ സീസണിന്റെ അവസാനം നിങ്ങള്‍ വിരമിക്കുമെന്ന് ഞാന്‍ കരുതുന്നു. ഫുട്ബോളില്‍ റൊണാള്‍ഡോ ചെയ്ത മികച്ച നിമിഷങ്ങളിലൂടെ ആളുകള്‍ അവനെ ഓര്‍ക്കും,’ മാര്‍ക്ക് ലോറന്‍സണ്‍ പാഡി പവറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്. 2025 വരെയാണ് റൊണാള്‍ഡോക്ക് സൗദി വമ്പന്മാര്‍ക്കൊപ്പം കരാറുള്ളത്. ഇതിനു ശേഷം അല്‍ നസറുമായി റൊണാള്‍ഡോ തന്റെ കരാര്‍ പുതുക്കുമോയെന്നും കണ്ടുതന്നെ അറിയണം.

അടുത്തിടെ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.

സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.
900 ഗോളുകളല്ല ഫുട്‌ബോളില്‍ 1000 ഗോളുകള്‍ നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് റൊണാള്‍ഡോ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റോടെ ആറാം സ്ഥാനത്താണ് അല്‍ നസര്‍.

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ സെപ്റ്റംബര്‍ 23ന് അല്‍ ഹസാമിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയമാണ് വേദി.

Content Highlight: Former Liverpool Player Talks Cristaino Ronaldo Should Retire After this Season

We use cookies to give you the best possible experience. Learn more