തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണെന്നും ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പോലീസ് ബന്തവസ്സിലാക്കുന്നത്. ആശുപത്രികളുടെ ഗേറ്റുകള്‍ മണിക്കൂറുകളോളം അടച്ചിടുന്നു.
മനുഷ്യര്‍ക്ക് ബസ്സിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചുപോരാനോ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
‘മുഖ്യമന്ത്രിക്ക് അഗോറഫോബിയയാണ്. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഈ സംസ്ഥാനം ഇപ്പോള്‍ കാണുന്നത്.
ഊരിപ്പിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപ്പിച്ച കത്തികള്‍ക്കും ഇടയില്‍ക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാള്‍ ഇന്ന് നൂറോളം പോലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ് സ്വന്തം നാട്ടില്‍ സഞ്ചരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരെയും അവരുടെ ചോദ്യങ്ങളെയും ഭയക്കുന്ന, മൊബൈല്‍ ഫോണിനെ ഭയക്കുന്ന, ജനക്കൂട്ടത്തെ കാണുമ്പോള്‍ അതിനുള്ളിലാരെങ്കിലും കറുത്ത മാസ്‌ക്ക് വച്ചിട്ടുണ്ടോ എന്ന് പരതിനോക്കുന്ന മുഖ്യമന്ത്രി ഈ നാടിനൊരു പൊതുശല്യമായി മാറുകയാണ്,’ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ പോലീസുകാര്‍ ഈ ഭീരുവും ദുര്‍ബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളൂ. അതുപക്ഷേ പൊതുജനങ്ങളുടെ മാസ്‌കിനും ഇട്ടിരിക്കുന്ന വസ്ത്രത്തിനും, പിടിച്ചിരിക്കുന്ന കുടക്കും, സഞ്ചരിക്കുന്ന റോഡിനും വിലക്കേര്‍പ്പെടുത്തിയാകരുത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഭയപ്പെടാന്‍ പിണറായി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Former Leader of the Opposition Ramesh Chennithala has termed Chief Minister Pinarayi Vijayan a public nuisance.