| Monday, 7th February 2022, 3:03 pm

നിലപാടില്‍ നിന്ന് പിന്മാറാത്ത കാനത്തിനെ പിന്തുണക്കുന്നു; ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കെതിരായ അവസാന വാതിലും അടയ്ക്കുകയാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

നായനാരുടെയും ചന്ദ്രശേഖരന്‍ നായരുടെയും ആത്മാവ് ഈ സര്‍ക്കാരിനോട് പൊറുക്കില്ല. പിണറായി നിയമത്തിന്റെ ഹൃദയമാണ് പറിച്ചെടുത്തത്. സി.പി.ഐ.എമ്മിന്റെ ദേശീയ നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയണം. നിലപാടില്‍ നിന്ന് പിന്മാറാത്ത കാനത്തിനെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അന്ത്യ കൂദാശയണ്. മുഖ്യമന്ത്രിക്ക് എതിരായ കേസ് നിലനില്‍ക്കെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അധാര്‍മികമാണ്. കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി ആയി മുഖ്യമന്ത്രി മാറിയെന്നും പേഴ്സണല്‍ സ്റ്റാഫിന് വേണ്ടി ഇത്രയും നാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഗവര്‍ണര്‍ ഒറ്റയടിക്ക് വിഴുങ്ങിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിലൂടെ മനസിലാകുന്നത്. ഈ കരിനിയമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.

ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി. ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്നു.

അങ്ങനെയെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ പരസ്യ എതിര്‍പ്പ് അറിയിച്ച സി.പി.ഐയെ സി.പി.ഐ.എം കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ലോകായുക്തയുടെ പല്ലും നഖവും പിഴുതെടുക്കുന്നതാണ് ഓര്‍ഡിനന്‍സെന്ന് ആരോപിച്ചാണ് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയത്

ഓര്‍ഡിനന്‍സിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനക്ക് വിരുദ്ധമായ അധികാരം ലോകായുക്തയ്ക്ക് നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ മറുപടി നല്‍കിയെന്നാണ് വിവരം.

CONTENT HIGHLIGHTS: Former Leader of the Opposition Ramesh Chennithala has slammed the Governor’s signing of the Lokayukta amendment.

We use cookies to give you the best possible experience. Learn more