തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കെതിരായ അവസാന വാതിലും അടയ്ക്കുകയാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
നായനാരുടെയും ചന്ദ്രശേഖരന്‍ നായരുടെയും ആത്മാവ് ഈ സര്‍ക്കാരിനോട് പൊറുക്കില്ല. പിണറായി നിയമത്തിന്റെ ഹൃദയമാണ് പറിച്ചെടുത്തത്. സി.പി.ഐ.എമ്മിന്റെ ദേശീയ നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയണം. നിലപാടില്‍ നിന്ന് പിന്മാറാത്ത കാനത്തിനെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അന്ത്യ കൂദാശയണ്. മുഖ്യമന്ത്രിക്ക് എതിരായ കേസ് നിലനില്‍ക്കെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അധാര്‍മികമാണ്. കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി ആയി മുഖ്യമന്ത്രി മാറിയെന്നും പേഴ്സണല്‍ സ്റ്റാഫിന് വേണ്ടി ഇത്രയും നാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഗവര്‍ണര്‍ ഒറ്റയടിക്ക് വിഴുങ്ങിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിലൂടെ മനസിലാകുന്നത്. ഈ കരിനിയമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.