കണ്ണൂര്‍: ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ ജയില്‍ മോചിതനായി. വധശ്രമക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന മുഹമ്മദ് ഫൈസിലിനെതിരായ ശിക്ഷ ബുധനാഴ്ച ഹൈകോടതി തടഞ്ഞിരുന്നു. ഇതോടെ രാത്രി എട്ടോടെയാണ് ജയിലില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയത്.
കേസില്‍ പ്രതികളായ മറ്റ് നാല് പേരും അദ്ദേഹത്തിനൊപ്പം ജയിലില്‍ മോചിതനായിട്ടുണ്ട്. ഫൈസലിനൊപ്പം ശിക്ഷിക്കപ്പെട്ട സഹോദരന്‍ അമീന്‍, പഠിപ്പുര ഹുസൈന്‍ തങ്ങള്‍, ബഷീര്‍ തങ്ങള്‍ എന്നിവരാണ് മോചിതരായത്.
എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നതായും കോടതിയില്‍ വിശ്വാസമുണ്ടെന്നും മുഹമ്മദ് ഫൈസല്‍ മോചിതനായ ശേഷം പ്രതികരിച്ചു.
‘നീതിക്കായി നിയമ പോരാട്ടം തുടരും. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യകത എന്താണെന്നും ആര്‍ക്കാണ് ധൃതി. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരത്തിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് എനിക്കുപകരം ഒരാളെ അവിടെ സ്ഥാപിക്കണമെന്നതാണ് ഈ ധൃതിക്ക് പിന്നില്‍,’ എം.പി. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി 18നായിരുന്നു ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. സാധാരണഗതിയില്‍ നിലവിലുള്ള ജനപ്രതിനിധി മരിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് പദവി നഷ്ടമാവുകയോ ചെയ്യുമ്പോള്‍ പരമാവധി ആറ് മാസത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താറുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ നടത്തും എന്ന കീഴ്വഴക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നതാണ് കമ്മീഷന്റെ വാദം.
ആന്ത്രോത്ത് പൊലീസ് 2009ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസല്‍ അയോഗ്യനാകുന്നത്.
Content Highlight: Former Lakshadweep MP Muhammad Faisal released from jail