| Saturday, 29th October 2022, 1:19 pm

പ്രതിപക്ഷത്തുള്ളത് നല്ല നേതാക്കളാണ്, പക്ഷേ തമ്മില്‍ ഏകോപനമില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്ത നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പ്രതിപക്ഷത്തുള്ളത് നല്ല നേതാക്കളാണെന്നും പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ നിന്ന് ഗാന്ധി കുടുംബം മാറിനില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തല്‍ വരുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തക സമിതിയിലേക്ക് താത്കാലിക പട്ടികയാണ് പുറത്തുവന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അതിനപ്പുറത്തേക്ക് ആ പട്ടികയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പുതിയ ലിസ്റ്റ് വരുമ്പോള്‍ കാര്യമായ പരിഗണന കേരളത്തിന് കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

കേരളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നത് അഴിമതി മാത്രമാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സ്പ്രിംഗ്‌ളര്‍ കേസില്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷില്‍ വിശ്വാസം ഉണ്ടെന്നതാണ് സ്പ്രിംഗ്‌ളര്‍ കരാര്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നല്‍കിയിരിക്കുന്നത് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമാണെന്ന് എ.ഐ.സി.സി ജറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ഖാര്‍ഗെ റബ്ബര്‍ സ്റ്റാമ്പാവില്ല. ഖര്‍ഗെയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഖാര്‍ഗെയും തരൂരും ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കും,’ എന്നാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്.

ശശി തരൂരിനെതിരെ പ്രവര്‍ത്തിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം ആണ്. മത്സരത്തിനുള്ള എല്ലാ സാഹചര്യവും തരൂരിനും നല്‍കി. തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഔദ്യോഗിക പദവി അനുവദിക്കുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Former KPCC President Mullappally Ramachandran About Opposition Leaders

We use cookies to give you the best possible experience. Learn more