കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആഞ്ഞടിച്ച് മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേരുകയും ചെയ്ത കെ.പി. അനില്‍ കുമാര്‍. ആളുകളെ കൊല്ലാനിറങ്ങിയാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു കാര്യം ഞാന്‍ സുധാകരനോട് പറയാന്‍ ആഗ്രഹിക്കുന്നു. സുധാകരന്‍ പറയുന്നു എന്റെ കുട്ടികളെ ഞാന്‍ അയച്ചു. ആര്‍ക്കെതിരെ, എസ്.എഫ്.ഐക്കാരനെ കുത്തി മലര്‍ത്താന്‍.
സുധാകരാ, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കാമെങ്കില്‍ ഈ കേരളത്തില്‍ രാഷ്ട്രീയം നടത്താം. അതല്ല പേപ്പട്ടിയെപ്പൊലെ ആളുകളെ ഉപദ്രവിച്ച് റോഡിലൂടെ നടക്കുകയാണെങ്കില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരനെ കൈകാര്യം ചെയ്യാന്‍ ആണുങ്ങളുണ്ട് കേരളത്തിലെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം.
കൊലകൊല്ലിയെ പോലെ ആര്‍ത്തട്ടഹിച്ചാണ് സുധാകരനിവിടെ നടക്കുന്നതെങ്കില്‍, ആ കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാനുള്ള ചങ്കൂറ്റവും ഉശിരുമുള്ള കുട്ടികളാണ് ഇവിടെ ഇരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം,’ അനില്‍ കുമാര്‍ പറഞ്ഞു.
തന്റെ കുട്ടികള്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും ധീരജിന്റെത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നുമുള്ള സുധാകരന്റെ വാക്കുകള്‍ക്ക് മറുപടിയായിരുന്നു അനില്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ലാദമാണ്, എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വോട്ട് എണ്ണി നോക്കിയാല്‍ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാന്‍ കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സാധാരണ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എഞ്ചിനീയറിംഗ് കോളേജുകളില്‍ അങ്ങനെയുണ്ടാവാറില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. എന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. വളരെ നല്ല രീതിയിലുള്ള വിജയമാണ് കോളേജ് തെരഞ്ഞെടുപ്പുകളില്‍ നേടുന്നത്,’ സുധാകരന്‍ പറഞ്ഞു.
അതേസമയം, സുധാകരനെ ന്യായീകരിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി രംഗത്തെത്തിയിരുന്നു. സുധാകരന്‍ കണ്ണൂര്‍ ശൈലിയില്‍ കാര്യം പറയുകയായിരുന്നു എന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്. ധീരജിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിര്‍ദേശം നല്‍കി.
കെ. സുധാകരന് നിലവിലുള്ള ഗണ്‍മാന് പുറമേ കമാന്റോ ഉള്‍പ്പെടെയുള്ള സുരക്ഷയൊരുക്കണം. കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണം ഏര്‍പ്പെടുത്തണം. സുധാകരന്റെ വീടിന് പൊലീസ് കാവല്‍ നല്‍കണം തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങളാണ് ഇന്റലിജന്‍സ് മുന്നോട്ട് വെച്ചത്.