| Tuesday, 15th September 2020, 7:53 am

'കൊവിഡ് കാലത്ത് ജീവിതം തിരിച്ചു പിടിക്കാന്‍ നോക്കുന്നവരാണ് അവര്‍'; വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വഴിയോരത്ത് തുറസ്സായ സ്ഥലത്ത് പഴം-പച്ചക്കറി കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ കേരള ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ എന്‍ പ്രശാന്ത്. ഇവരെ ഒഴിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും പോലീസിലെയും റവന്യുവിലെയും ചില ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇവര്‍ സമയം കിട്ടുമ്പോള്‍ സ്വന്തം മനസാക്ഷിയോട് ചിലത് ചോദിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

വ്യക്തിയെന്ന നിലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വഴി നീതി ഉറപ്പാക്കുകയോ, നിയമസഹായം ഏര്‍പ്പാടാക്കേണ്ടി വരികയോ ചെയ്ത കേസുകള്‍ അസ്വഭാവികമായി കൂടുന്ന പശ്ചാത്തലത്തിലാണ് പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ആരും ചോദിക്കാനും പറയാനുമില്ലാത്ത ഈ പാവങ്ങളുടെ നെഞ്ചത്ത് ‘നിയമം’ നടപ്പിലാക്കുന്നത് ആസൂത്രിതമായി ചില റീട്ടെയില്‍ ചെയിനുകള്‍ക്ക് വേണ്ടി ക്വാട്ടേഷന്‍ എടുക്കുന്നതാണെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്.
നാട്ടുകാരെന്ന നിലയ്ക്ക് നമുക്ക് ചെയ്യാവുന്ന ഒന്ന്, നമ്മുടെ പര്‍ച്ചേസ് കഴിയുവോളം, ഒഴിപ്പിക്കപ്പെടുന്ന ഇവരില്‍ നിന്നാക്കുക എന്നതാണ്. അവരുടെ നമ്പര്‍ വാങ്ങി നേരിട്ട് വാങ്ങാന്‍ അറേഞ്ച്‌മെന്റ് ചെയ്യുക” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വഴിയോരത്ത് തുറസ്സായ സ്ഥലത്ത് ആര്‍ക്കും വലിയ ശല്ല്യമുണ്ടാക്കാതെ പഴം-പച്ചക്കറി കച്ചവടം ചെയ്ത്, കോവിഡ് കാലത്ത് ജീവിതം തിരിച്ച് പിടിക്കാന്‍ നോക്കുന്ന പാവങ്ങളെ അത്യുല്‍സാഹപൂര്‍വ്വം ഒഴിപ്പിക്കാന്‍ ഇറങ്ങുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും പോലീസിലെയും റവന്യുവിലെയും ചില ഉദ്യോഗസ്ഥര്‍ സമയം കിട്ടുമ്പോള്‍ സ്വന്തം മനസ്സാക്ഷിയോട് ചിലത് ചോദിക്കുന്നത് നല്ലതാണ്.

വ്യക്തിയെന്ന നിലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വഴി നീതി ഉറപ്പാക്കുകയോ, നിയമസഹായം ഏര്‍പ്പാടാക്കേണ്ടി വരികയോ ചെയ്ത കേസുകള്‍ അസ്വാഭാവികമായി കൂടുന്ന സാഹചര്യത്തിലാണീ പോസ്റ്റ്.

നിങ്ങളുടെ അയല്‍പ്പക്കത്തും ഈ അസമയത്ത് ‘പച്ചക്കറി ഒഴിപ്പിക്കല്‍’ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ആരും ചോദിക്കാനും പറയാനുമില്ലാത്ത ഈ പാവങ്ങളുടെ നെഞ്ചത്ത് ‘നിയമം’ നടപ്പിലാക്കുന്നത് ആസൂത്രിതമായി ചില റീട്ടെയില്‍ ചെയിനുകള്‍ക്ക് വേണ്ടി ക്വൊട്ടേഷന്‍ എടുക്കുന്നതാണെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്.

നാട്ടുകാരെന്ന നിലയ്ക്ക് നമുക്ക് ചെയ്യാവുന്ന ഒന്ന്, നമ്മുടെ പര്‍ച്ചേസ് കഴിയുവോളം, ഒഴിപ്പിക്കപ്പെടുന്ന ഇവരില്‍ നിന്നാക്കുക എന്നതാണ്. അവരുടെ നമ്പര്‍ വാങ്ങി നേരിട്ട് വാങ്ങാന്‍ അറേഞ്ച്‌മെന്റ് ചെയ്യുക.

എഡിറ്റ്: കശ്മലന്മാരായ തെരുവോര കച്ചവടക്കാര്‍ കാരണം നികുതിയടച്ച് ലൈസന്‍സെടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാരുടെ ജീവിതം വഴിമുട്ടിയെന്ന് പല കട്ട്-പേസ്റ്റ് കമന്റുകള്‍ കണ്ടു. അതിനാണ് ഇവരെയൊക്കെ ഒഴിപ്പിക്കുന്നതെന്നും. ആ സുമനസ്സുകള്‍ക്ക് നമോവാകം.
പിന്നെ, വഴിയോരക്കച്ചവടക്കാരെ കോവിഡ് കാലത്ത് തന്നെ ഉന്മൂലനം ചെയ്യലാണ് നിയമവ്യവസ്ഥയിലെ ഏറ്റവും പ്രധാന പോയിന്റെന്ന് വിശ്വസിക്കുന്ന നിഷ്‌കുകളോട്…
എയര്‍പോര്‍ട്ടിലെ തീ കെടുത്താന്‍ വന്ന ഫയറെഞ്ചിന്‍ തടഞ്ഞ് നിര്‍ത്തി, ഡ്രൈവരുടെ ID പരിശോധിച്ച് കടത്തിവിടുന്ന ഇകടഎകാരനാവല്ലേ!

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former collector N prashant support street vendors

We use cookies to give you the best possible experience. Learn more