| Saturday, 25th June 2022, 4:44 pm

അദ്ദേഹം ചെയ്തത് വലിയ തെറ്റ്, ഷാരൂഖ് ഖാനെതിരെ ആഞ്ഞടിച്ച് മുന്‍ നൈറ്റ് റൈഡേഴ്‌സ് താരം; വിഷയം രാഷ്ട്രീയമായി നേരിടാനും നീക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച ടീമുകളില്‍ ഒന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിരുന്ന നൈറ്റ് റൈഡേഴ്‌സ് രണ്ട് തവണ ഐ.പി.എല്ലിന്റെ കിരീടമണിഞ്ഞിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ടീം ഉടമ ഷാരൂഖ് ഖാന്‍ തന്നെയായിരുന്നു. ടീമിന്റെ ഓരോ മത്സരങ്ങളിലും ഗാലറിയിലെത്തുന്ന താരം അക്ഷരാര്‍ത്ഥത്തില്‍ സ്‌റ്റേഡിയത്തെ ആവേശത്തിലാറാടിച്ചിരുന്നു.

ഇപ്പോഴിതാ, താരത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നൈറ്റ് റൈഡറും കെ.കെ.ആറിന്റെ എക്കാലത്തേയും സൂപ്പര്‍ താരങ്ങളിലൊരാളുമായ മനോജ് തിവാരി. അദ്ദേഹം ബംഗാളില്‍ നിന്നുള്ള താരങ്ങളെ ടീമിലെടുക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ലോക്കല്‍ ടാലന്റുകളെ കണ്ടെത്തുന്നതാണെന്നും എന്നാല്‍ നൈറ്റ് റൈഡേഴ്‌സിന് അക്കാര്യത്തില്‍ ഗുരുതര പിഴവ് സംഭവിച്ചുവെന്നും വെളിപ്പെടുത്തുകയാണ് നിലവിലെ ബംഗാള്‍ കായിക മന്ത്രി കൂടിയായ തിവാരി.

ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും പഞ്ചാബ് കിങ്‌സിനെയും മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഐ.പി.എല്ലില്‍ പ്രാദേശിക താരങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിയമം കെ.കെ.ആര്‍ പാലിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് അതില്ലാതാവുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ് തക്കിനോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു മാറ്റം ഞാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. കെ.കെ.ആറില്‍ ബംഗാള്‍ താരങ്ങള്‍ ഉണ്ടാവണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇന്ത്യന്‍ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഐ.പി.എല്‍ ആരംഭിച്ചത്. ഫ്രാഞ്ചൈസികളില്‍ പ്രാദേശിക താരങ്ങള്‍ ഉണ്ടാവണമെന്ന് നിയമം പോലും ഉണ്ടായിരുന്നു.

ഞാന്‍ കൊല്‍ക്കത്തയുടെ ഭാഗമായിരുന്നപ്പോള്‍ ബംഗാളില്‍ നിന്നുള്ള മികച്ച ചില താരങ്ങളെ നിര്‍ദേശിക്കാന്‍ എന്നോടാവശ്യപ്പെടുകയും ഞാനത് ചെയ്യുകയും ചെയ്തിരുന്നു.

എന്റെ ചോദ്യം ഇതുമാത്രമാണ്. ബംഗാള്‍ താരങ്ങള്‍ മറ്റ് ടീമുകള്‍ക്കായി നിരന്തരം കളിക്കാറുണ്ട്, എന്തുകൊണ്ട് ഇവിടെ അതിന് സാധിക്കുന്നില്ല. ആ ചോദ്യം ഇപ്പോഴും മാനേജ്‌മെന്റിന് മുമ്പില്‍ ഉണ്ട്. എന്നാല്‍ അത് ഇപ്പോഴും തുറന്ന് സംസാരിക്കാറില്ല. അവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്, അതിനാല്‍ തന്നെ ആ ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു.

ഭരണത്തിലെത്തിയതിന് ശേഷം ഈ വിഷയം ഉന്നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പകരം ഞാന്‍ ലളിതമായ മറ്റൊരു വഴി തേടും. മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഈ വിഷയം ഷാരൂഖ് ഖാനുമായി സംസാരിക്കാന്‍ ആവശ്യപ്പെടും. ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം,’ തിവാരി പറഞ്ഞു.

2021ലായിരുന്നു താരം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയും കായിക മന്ത്രിയാവുകയും ചെയ്തു. ഭരണത്തിലേറിയതിന് ശേഷവും അദ്ദേഹം ക്രിക്കറ്റ് തുടര്‍ന്നിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ നെടുംതൂണായിരുന്നു മനോജ് തിവാരി.

Content Highlight: Former Kolkata Knight Riders star Manoj Tiwari against Shah Rukh Khan

We use cookies to give you the best possible experience. Learn more