ചെപ്പോക്കില്‍ ഇന്നലെ നടന്ന 2024 ഐ.പി.എല്‍ ഫൈനല്‍ വിജയിച്ച് കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും മോശം സ്‌കോറാണ് ഹൈദരാബാദ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി. കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയതിന് പിന്നില്‍ ടീമിന്റെ ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ്, ഗൗതം ഗംഭീര്‍, അഭിഷേക് നായര്‍ എന്നിവരായിരുന്നു. ടീമിന്റെ കൃത്യമായ കോമ്പിനേഷനും കൂടെ വന്നപ്പോള്‍ കിരീടത്തിലേക്കുള്ള കൊല്‍ക്കത്തയുടെ ദൂരം കുറയുകയായിരുന്നു.
എന്നാല്‍ ഇതിനെല്ലാം ഉപരി കൊല്‍ക്കത്ത ഹെഡ് കോച്ചിന്റെ രീതികളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ കൊല്‍ക്കത്ത താരം ഡേവിഡ് വീസ്.
‘പണ്ഡിറ്റിന്റെ രീതികള്‍ പട്ടാള ക്യാമ്പിലേത് പോലെയാണ്. കളിക്കാര്‍ എപ്പോള്‍ ഉറങ്ങണം എപ്പോള്‍ എഴുന്നേല്‍ക്കണം എന്നു തുടങ്ങി എന്ത് വസ്ത്രം ധരിക്കണം എന്നുപോലും തീരുമാനിക്കുന്നത് അദ്ദേഹമാണ്, ഇത് ടീമിലെ വിദേശ താരങ്ങളെ പോലും ബുദ്ധിമുട്ടിച്ചിരുന്നു,’ ചന്ദ്രകാന്ത് പണ്ഡിറ്റിനെ കുറിച്ച് മുന്‍ കൊല്‍ക്കത്ത താരം ഡേവിഡ് പറഞ്ഞു.
എന്നാല്‍ പണ്ഡിറ്റ് ഈ രീതികള്‍ മാറ്റാന്‍ തയ്യാറായിരുന്നില്ല. ഒരു ക്രിക്കറ്റര്‍ക്ക് ആദ്യം വേണ്ടത് അച്ചടക്കം ആണെന്നായിരുന്നു മുന്‍ താരത്തിന്റെ നയം. ടീമില്‍ എത്തിയ ആദ്യവര്‍ഷം തന്നെ കളിക്കാരുടെ ജീവിതശൈലി ചിട്ടപ്പെടുത്താനാണ് പണ്ഡിറ്റ് തീരുമാനിച്ചത്.
മറ്റു ടീമുകള്‍ സൂപ്പര്‍താരങ്ങള്‍ക്ക് പിന്നാലെ ഓടിയപ്പോള്‍ ടീമിലെ ഓരോ പൊസിഷനിലേക്കും വേണ്ട കളിക്കാരെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും കണ്ടെത്തുന്നതില്‍ ആയിരുന്നു പണ്ഡിറ്റിന്റെ ശ്രദ്ധ. മധ്യനിരയില്‍ നിതീഷ് റാണ, വെങ്കിടേഷ് അയ്യര്‍, ഫിനിഷര്‍ റോളില്‍ റിങ്കു സിങ്, പേസ് നിരയില്‍ ഹര്‍ഷിത് റാണ, വൈഭവ് അറോറ തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റിലെ മിടുക്കന്മാരെ ടീമിലേക്ക് എത്തിക്കുകയായിരുന്നു പടനായകന്‍ പണ്ഡിറ്റ്.
കൊല്‍ക്കത്തയ്ക്കുവേണ്ടി രണ്ട് ഐ.പി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കി കൊടുത്ത ഗൗതം ഗംഭീറിനെ ടീമിന്റെ മെന്ററായി ചുമതലപ്പെടുത്തിയതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം ആവുകയും മൂന്നാം കിരീടം സ്വന്തമാക്കുകയും ചെയ്തു.
Content Highlight: Former KKR Player Talking About Chandrakant Pandit