ജാതി അധിക്ഷേപം നടത്തിയിട്ടില്ല; നാക്കുപിഴ, എസ്.എഫ്.ഐ കൊല്ലാന്‍ ശ്രമിച്ചു: ഡോ. രമ
Kerala News
ജാതി അധിക്ഷേപം നടത്തിയിട്ടില്ല; നാക്കുപിഴ, എസ്.എഫ്.ഐ കൊല്ലാന്‍ ശ്രമിച്ചു: ഡോ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 3:51 pm

കാസര്‍ഗോഡ്: സംവരണത്തിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെല്ലാം പ്രശ്നക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കാസര്‍കോഡ് ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്നു ഡോ. രമ. താന്‍ നടത്തിയത് ജാതി അധിക്ഷേപമല്ലെന്നും നാക്കുപിഴയാണെന്നും ഡോ. രമ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തന്റെ പരാമര്‍ശത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും നിര്‍വ്യാജം ഖേദിക്കുന്നതായി രമ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ ഈ വാര്‍ത്താക്കുറിപ്പിലും എസ്.എഫ്.ഐക്കെതിരെ വലിയ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. എസ്.എഫ്.ഐ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും തനിക്കെതിരെ അപവാദ പ്രചാരണം തുടരുന്നുവെന്നും വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

ഡോ. രമയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

കുടിവെള്ളത്തിലെ പ്രശ്‌നം പറയാന്‍ വന്ന വിദ്യാര്‍ത്ഥികളെ മുറിയില്‍ പൂട്ടിയിട്ടുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ തുടങ്ങിയ അക്രമ സമരം എന്നെ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ നിന്ന് നീക്കുന്നതില്‍ കലാശിച്ചുവെങ്കിലും അപവാദ പ്രചരണങ്ങള്‍ നിര്‍ത്തിയിട്ടില്ല.

കോളേജിലെ പ്രശ്‌നങ്ങള്‍ അന്വേഷിച്ചുവന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഞാന്‍ നല്‍കിയ അഭിമുഖം എന്റെ ഭര്‍ത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്.

കോളേജിലെ എന്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങള്‍ ഞാന്‍ ചാനല്‍ ലേഖകനോട് സംസാരിച്ചത് എന്റെ ഉത്തരവാദിത്തത്തിലാണ്. അതിന് മാത്രമുള്ള അറിവും കഴിവും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിനെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളേജ് കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല.

 

ഡോ. രമ

ഫെബ്രുവരി 23ന് അക്രമാസക്തമായ സമരമാണ് എസ്.എഫ്.ഐ എനിക്കെതിരെ നടത്തിയത്. പൊലീസ് സംരക്ഷണമുണ്ടായിരുന്നുവെങ്കിലും അതിനിടയില്‍ നേരത്തേ ആസൂത്രണം ചെയ്ത രീതിയില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് തന്നെ ദേഹോപദ്രവമേല്പിച്ച് കൊല്ലുവാനുള്ള ശ്രമം അവര്‍ നടത്തി.

സമരത്തിന് ശേഷം അന്ന് വൈകിട്ട് തന്നെ കോളേജില്‍ വെച്ച് കണ്ട ചാനല്‍ ലേഖകനോട് വികാരക്ഷോഭത്തോടെ സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടായി. കോളേജിലെ ചില വിദ്യാര്‍ത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് മൊത്തം വിദ്യാര്‍ത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇട വന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണ്.

എന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും ഞാന്‍ ഇതിനാല്‍ നിര്‍വ്യാജം മാപ്പ് പറയുന്നു.
എല്ലാത്തിന്റെയും അധികാരികളാണെന്ന ഗര്‍വ്വുമായി കോളേജില്‍ എസ്എഫ്.ഐ നടത്തുന്ന പ്രവര്‍ത്തനം നാശകരമാണ്.

കാസര്‍കോഡ് ഗവ. കോളേജില്‍ 97 ശതമാനം മാര്‍ക്ക് ലഭിച്ച ഉയര്‍ന്ന നിലവാരം ലഭിച്ച കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. പകുതി സീറ്റുകള്‍ വിവിധ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷനായും ഉണ്ട്. കുഴപ്പക്കാരില്‍ എല്ലാ വിഭാഗക്കാരുമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ളു. റിസര്‍വേഷന്‍ പ്രകാരം കോളേജിലെത്തിയ മാര്‍ക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് പറഞ്ഞ് ഞാന്‍ ജാതി അധിക്ഷേപം നടത്തിയതായി കാണിച്ച് ഇപ്പോള്‍ എസ്.എഫ്.ഐ ഒരു സംഭാഷണ ശബ്ദ ശകലം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഒരു ചാനലിലും പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു ശബ്ദ ശകലമാണത്. ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി എല്ലാ കാര്യങ്ങളും വിവരിക്കുന്നതിനിടയില്‍ നാക്കുപിഴയായി വന്ന വാചകം അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Former Kasaragod Government College Principal-in-Charge Dr. Rama’s press release against SFI