| Friday, 28th April 2023, 11:04 pm

തെരഞ്ഞെടുപ്പ് റാലിക്കിടെ ജി. പരമേശ്വരക്ക് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്. തുമകുരു ജില്ലയില്‍ നടത്തിയ തെരഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരേമശ്വരയുടെ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഇത് ആദ്യമായല്ല ജി.പരമേശ്വരക്കെതിരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കൊരട്ടഗരയിലെത്തിയപ്പോഴും ഇദ്ദേഹത്തിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് റാലിയിലും പരമേശ്വരക്കെതിരെ ആക്രമണമുണ്ടായിട്ടുള്ളത്.

അതേസമയം പരമേശ്വരക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ണാടകത്തില്‍ പരാജയം ഭയന്ന ബി.ജെ.പി കലാപം അഴിച്ചുവിടുകയാണെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മേയ് പത്തിന് കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മൈസൂരുവിലെ സിദ്ധരാമയ്യഗുഡി ജില്ലയിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കര്‍ണാടക ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളടക്കം നിരവധിയാളുകളാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുള്ളത്. സംസ്ഥാനത്ത് നടത്തിയ പ്രീ പോള്‍ സര്‍വെകളും ഇത്തവണ കോണ്‍ഗ്രസിനാണ് മുന്‍ തൂക്കം കല്‍പ്പിക്കുന്നത്. ഇതിന് പിന്നാലെ ബി.ജെ.പി അക്രമ രാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താന്‍  ശ്രമിക്കുകയാണന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Content Highlight: former karnataka minister got stone pelted

We use cookies to give you the best possible experience. Learn more