| Saturday, 3rd August 2019, 8:32 pm

'ആരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല, ജാതിഭ്രമമാണ് നടക്കുന്നത്'; രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുവെന്ന് കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെവീണതിന് ദിവസങ്ങള്‍ക്കുശേഷമാണ് കുമാരസ്വാമിയുടെ ഈ പ്രസ്താവന.

ഹസ്സനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. ആകസ്മികമായാണു രാഷ്ട്രീയത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായതും അങ്ങനെതന്നെ.

രണ്ടുതവണ മുഖ്യമന്ത്രിയാകാന്‍ ദൈവം അവസരം നല്‍കി. രണ്ടുതവണയും ആരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 14 മാസംകൊണ്ട് സംസ്ഥാനത്തിനുവേണ്ടി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്.

ഇന്നത്തെ രാഷ്ട്രീയം എവിടേക്കാണു പോകുന്നതെന്നു നിരീക്ഷിച്ചു വരികയാണ്. ജാതിഭ്രമമാണ് നടക്കുന്നത്. എന്റെ കുടുംബത്തെ ഇതിലേക്കു കൊണ്ടുവരരുത്. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല.

അധികാരത്തില്‍ ഇരുന്നപ്പോള്‍ നല്ലതു ചെയ്തു. അതു ജനങ്ങളുടെ ഹൃദയത്തിലുണ്ടാകും.’- അദ്ദേഹം പറഞ്ഞു.

തന്റെ മകന്‍ നിഖില്‍ കുമാരസ്വാമി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

14 മാസം അധികാരത്തിലിരുന്നെങ്കിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ ചിലര്‍ കൂറുമാറിയതോടെയാണ് ഭരണം പോയത്. വിശ്വാസം നേടിയ ബി.ജെ.പി യെദ്യൂരപ്പയുടെ കീഴിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more