| Thursday, 1st September 2022, 5:41 pm

എത്ര കിട്ടിയാലും റൊണാള്‍ഡോയുടെ അത്യാഗ്രഹം തീരില്ല; വെളിപ്പെടുത്തലുമായി മുന്‍ സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്

യുവന്റസില്‍ ക്രിസ്റ്റ്യാനോക്കൊപ്പമുള്ള നല്ല നിമിഷങ്ങളെ കുറിച്ച് ബയേണ്‍ മ്യൂണിക്കിന്റെ പുതിയ സൈനിങ് മത്തിജ്‌സ് ഡി ലിഗ്റ്റ് (Matthijs de Ligt).

തന്റെ കരിയറില്‍ നേടാവുന്നിടത്തോളം ട്രോഫികളും ഗോളുകളും നേടിയിട്ടും ഇനിയും കൂടുതല്‍ കൂടുതല്‍ ട്രോഫികള്‍ നേടാനുള്ള അദ്ദേഹത്തിന്റെ ‘അത്യാഗ്രഹത്തെ’ കുറിച്ചും ലിഗ്റ്റ് പരാമര്‍ശിച്ചു.

ബയേണിന്റെ ഒഫീഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലായിരുന്നു ഡി ലിഗ്റ്റ് ക്രിസ്റ്റിയാനോയെ കുറിച്ച് ഇക്കാര്യം പറഞ്ഞത്. യുവന്റസില്‍ റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ പറ്റിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അത് വളരെ മികച്ച ഒരു അനുഭവമായിരുന്നു. കാരണം ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്.

എല്ലാ ദിവസവും നിങ്ങള്‍ ഈ ചാമ്പ്യന്‍മാരെ കാണുമ്പോള്‍, അവര്‍ എങ്ങനെയാണ് അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നത് എന്നറിയുമ്പോള്‍, അവരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ അത് നമ്മളെ വല്ലാതെ ഇന്‍സ്പയര്‍ ചെയ്യും,’ താരം പറയുന്നു.

19ാം വയസില്‍ കളിതുടങ്ങിയപ്പോള്‍ കിരീടം നേടാനുള്ള അദ്ദേഹത്തിന്റെ അതേ ആര്‍ത്തിയും ആവേശവുമാണ് റൊണാള്‍ഡോക്ക് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവിടെ മൂന്ന് വര്‍ഷം കളിക്കാന്‍ എന്നെ അനുവദിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ക്രിസ്റ്റിയാനോയുടെ ആ ആര്‍ത്തിയായിരുന്നു എല്ലായ്‌പ്പോഴും ശ്രദ്ധേയമായത്.

അദ്ദേഹം എല്ലാം തന്നെ നേടിയിട്ടുണ്ട്. നിരവധി ബാലണ്‍ ഡി ഓറുകള്‍, അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ്, ഇതിന് പുറമെ കളിച്ച എല്ലാ പ്രധാന ചാമ്പ്യന്‍ഷിപ്പുകളും.

എന്നാല്‍ ക്രിസ്റ്റ്യാനോയില്‍ ഇപ്പോഴും ആ അത്യാഗ്രഹമുണ്ട്. 19ാം വയസില്‍ കളിതുടങ്ങിയപ്പോള്‍ കിരീടം നേടാനുള്ള അദ്ദേഹത്തിന്റെ അതേ ആര്‍ത്തിയും ആവേശവുമാണ് റൊണാള്‍ഡോക്ക് ഇപ്പോഴും ഉള്ളത്,’ ഡി ലിഗ്റ്റ് പറയുന്നു.

റൊണാള്‍ഡോയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് 2019ല്‍ താന്‍ യുവന്റസിലേക്കെത്തിയതെന്ന് മുന്‍ അയാക്‌സ് താരമായ ഡി ലിഗ്റ്റ് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും ചേര്‍ന്ന് സീരി എ, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, നിരവധി ആഭ്യന്തര കിരീടങ്ങള്‍ എന്നിവ യുവന്റസിന് നേടിക്കൊടുത്തിരുന്നു.

അതേസമയം, ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററില്‍ തന്നെ തുടരുമെന്ന് മാനേജര്‍ എറിക് ടെന്‍ ഹാഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. റൊണാള്‍ഡോയും ക്ലബ്ബുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും താരം യുണൈറ്റഡില്‍ തിളങ്ങുമെന്നുമാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight:  Former Juventus Matthijs de Ligt reveals what stood out about Cristiano Ronaldo at Juventus

We use cookies to give you the best possible experience. Learn more