തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ്. ഫോണ്‍ കാണാതായാല്‍ അതിലേക്ക് ആദ്യമൊന്ന് വിളിച്ചുനോക്കണമെന്നു പോലും അറിയാത്തവരാണോ പൊലീസുകാരെന്നും ഇത്തരത്തിലുള്ള പൊലീസിനെ ജനങ്ങളെല്ലാം വെറുക്കുമെന്നും സുദീപ് പറഞ്ഞു.
‘സ്വന്തം ഫോണ്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ അതിലേയ്ക്ക് ആദ്യമൊന്നു വിളിച്ചു നോക്കണമെന്ന ബാലപാഠം പോലും അറിയാത്ത നീയൊക്കെ ഏതു കോപ്പിലെ പൊലീസാണ്?
നീയൊക്കെ ഇതേപോലെ എത്രയോ കേസന്വേഷിക്കുകയും എത്രയെത്ര നിരപരാധികളെ ഇപ്പോഴും ഇനിയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നുണ്ടാവും? നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല, ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യും,’ സുദീപ് ഫേസ്ബുക്കിലെഴുതി.
കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലില്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തത്. പിന്നീട് പൊലീസുകാരുടെ ബാഗില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെത്തുകയായിരുന്നു.
റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐ.എസ്.ആര്‍.ഒ വാഹനം കാണണമെന്നു മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് തോന്നയ്ക്കല്‍ സ്വദേശികളായ ഇവര്‍ ആറ്റിങ്ങലില്‍ എത്തിയത്.
ഇതിനിടയിലാണ് അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് മൊബൈല്‍ കാണാനില്ലെന്നാരോപിച്ച് രംഗത്തെത്തിയത്. ഇയാള്‍ ഫോണ്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കി എന്നെല്ലാമായിരുന്നു പൊലീസ് ആരോപിച്ചത്.
പൊലീസിന്റെ ചോദ്യം ചെയ്യലുണ്ടാക്കിയ മാനസികാഘാതത്തിലാണ് പെണ്‍കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന്റെ നടപടിക്കെതിരെ ഡി.ജി.പിക്കും ബാലവകാശ കമ്മിഷനും അച്ഛനും മകളും പരാതി നല്‍കി.
ബാലവകാശ കമ്മിഷനെത്തി കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സംഭവത്തില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. അച്ഛനെയും മകളെയും ഉപദ്രവിച്ച പൊലീസുദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Former Judicial Magistrate S Sudeep condemns Pink Police’s action against father and daughter in Attingal