ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണകൈമാറ്റം സുഗമമാക്കണം: രാഷ്ട്രപതിക്ക് തുറന്ന കത്തുമായി മുൻ ഹൈക്കോടതി ജഡ്ജിമാർ
India
ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണകൈമാറ്റം സുഗമമാക്കണം: രാഷ്ട്രപതിക്ക് തുറന്ന കത്തുമായി മുൻ ഹൈക്കോടതി ജഡ്ജിമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 9:57 am

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമുവിനും തെരഞ്ഞെടുപ്പ് കമ്മീഷൻ തലവൻ രാജീവ് കുമാറിനും തുറന്ന കത്തെഴുതി മുൻ ഹൈക്കോടതി ജഡ്ജിമാർ. നിലവിലെ സർക്കാരിന് അധികാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ പ്രശ്നങ്ങളൊന്നുമില്ലാതെ സുഗമമായി അധികാരകൈമാറ്റം നടക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണമെന്നും തൂക്കുസഭയാണ് വരുന്നതെങ്കിൽ കുതിരക്കച്ചവടം തടയണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിമാരായ ജി.എം അക്ബർ അലി, പി.ആർ ശിവകുമാർ, എസ്. വിമല, സി.ടി സെൽവം, അഞ്ജന പ്രകാശ്, എന്നിവർ ഒപ്പിട്ട തുറന്ന കത്താണ് രാഷ്ട്രപതിക്ക് അയച്ചത്. ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും അവർ കത്തിലൂടെ പങ്കുവെച്ചു.

‘തൂക്കു നിയമസഭ വരികയാണെങ്കിൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഇന്ത്യൻ രാഷ്ട്രപതിയുടെ ചുമലിലായിരിക്കും. കുതിരക്കച്ചവടത്തിന്റെ സാഹചര്യങ്ങൾ തടയേണ്ടതാണ്. മുൻ ഹൈക്കോടതി ജഡ്ജിമാരായ ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടികളുമായി ഒരു പ്രത്യേക ബന്ധവുമില്ല.
എന്നാൽ ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന ആദർശങ്ങളോടും മൂല്യങ്ങളോടും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സമീപകാലത്ത് നടന്ന സംഭവങ്ങളിൽ ഞങ്ങൾക്ക് കടുത്ത നിരാശയുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു കത്ത് ഇപ്പോൾ എഴുതുന്നത്,’

ഓരോ മണ്ഡലങ്ങളിലെയും ഓരോ ബൂത്തിലും രേഖപ്പെടുത്തിയ വോട്ടുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചതിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ഫോം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ വിസമ്മതിച്ചതിലും ജഡ്ജിമാർ ആശങ്ക പ്രകടിപ്പിച്ചു. അതോടൊപ്പം വിദ്വേഷ പ്രസംഗങ്ങൾക്ക് നേരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിസംഗതിയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു.

ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷത്തെയും ലക്ഷ്യമിടുന്നതായും അവർ പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും പ്രതിരോധിക്കാനും സംരക്ഷിക്കാനും അവകാശമുള്ള അന്തിമ അധികാരിയാണ് സുപ്രീം കോടതിയെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തെങ്കിലും അസാധാരണമായ സാഹചര്യം ഉണ്ടായാൽ അത് തടയാനും അതിൽ ഇടപെടാനും സുപ്രീം കോടതി തയ്യാറാകണമെന്നും ജഡ്ജിമാർ പറഞ്ഞു.

അതിനായി സുപ്രീം കോടതിയിലെ അഞ്ച് ജസ്റ്റിസുമാരുടെ സാന്നിധ്യം എപ്പോഴും ഉറപ്പാക്കണമെന്നും അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

 

Content Highlight: former judges express concern over the Lok sabha election 2024