| Monday, 3rd October 2022, 2:55 pm

കോടികളും ശതകോടികളും ഉണ്ടായിരുന്നപ്പോഴും ഈശ്വരനായിരുന്നില്ല; അറ്റ്‌ലസ് രാമചന്ദ്രന്‍ വെറും മനുഷ്യനായിരുന്നു

എസ്. സുദീപ്

എന്തിനാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ മരിച്ചെന്നു കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞത്?
ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളാണ്. എണ്‍പതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നത്. അകാലവിയോഗമെന്നു പറയാന്‍ കഴിയുമോ?
എന്നിട്ടുമെന്തിനാണ്?

ഒരുത്തരമേയുള്ളു. അറ്റ്‌ലസ് രാമചന്ദ്രന്‍ ഒരു മനുഷ്യനായിരുന്നു.
സാധാരണ മനുഷ്യന്‍. കോടികളും ശതകോടികളും ഉണ്ടായിരുന്നപ്പോഴും ഈശ്വരനായിരുന്നില്ല. വെറും മനുഷ്യനായിരുന്നു.

കലയെയും ജീവിതത്തെയും മനുഷ്യനെയും സ്‌നേഹിച്ച ഒരാള്‍. വൈശാലിയും വാസ്തുഹാരയും സുകൃതവുമൊക്കെ എടുത്തത് ലാഭമുണ്ടാക്കാനായിരുന്നില്ല. കലയെ ആ മനുഷ്യന്‍ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു.

സിനിമയെടുത്തും ഇറാഖ് കുവൈറ്റിനെ ആക്രമിച്ചുമൊക്കെ എല്ലാം തകര്‍ന്നു. എന്നിട്ടും ചിരിച്ചു. തിരിച്ചു വന്നു. ഒടുവിലെപ്പൊഴോ പണമില്ലാതെ ജയിലിലായി. അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ കേള്‍ക്കുക.

അറ്റ്‌ലസ് രാമചന്ദ്രന്‍

കാര്യമായി ആരും കാണാന്‍ വന്നില്ല. ആരെങ്കിലും വന്നെങ്കിലെന്ന് പലപ്പോഴും മോഹിച്ചിരുന്നു. പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാന്‍ കൂടിയാണങ്ങനെ മോഹിച്ചത്. കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര ഭംഗിയാര്‍ന്നതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. വല്ലപ്പോഴും കോടതിയിലോ ആശുപത്രിയിലോ കൊണ്ടുപോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്.

ജയിലിലെ മൂന്നു വര്‍ഷങ്ങള്‍. ഷോറൂമുകളില്‍ ഉണ്ടായിരുന്ന സ്വര്‍ണവും രത്‌നവുമൊക്കെ വിശ്വസ്തസ്ഥാപനങ്ങളിലെ തന്റെ വിശ്വസ്തരെന്നു കരുതിയവര്‍ തന്നെ എടുത്തുനാടുവിട്ടു.

എന്നിട്ടും ശേഷിച്ചതെല്ലാം എടുത്ത് ഇന്ദിരാ രാമചന്ദ്രന്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളബാക്കി നല്‍കി.
പുറത്തുവന്നപ്പോള്‍ തന്റെ മാനേജര്‍മാരെയൊക്കെ വിളിച്ചു. ആരും ഫോണെടുത്തില്ല.
അപ്പോഴും ചിരിച്ചു. ആ ചിരി കണ്ട് നമ്മളാണ് കരഞ്ഞത്.

എസ്. സുധീപ്

ആ മനുഷ്യന്‍ തിരിച്ചുവരണമെന്ന് അത്രമേല്‍ ആഗ്രഹിച്ചതും നമ്മള്‍ തന്നെ.
തിരിച്ചുവരാനാവാതെ മടങ്ങുമ്പോള്‍. തിരിച്ചുവന്നില്ലെന്ന് ആരാണുപറഞ്ഞത്?
രാമചന്ദ്രന്‍ മടങ്ങിയിട്ടില്ലല്ലോ.

നമ്മുടെ, നമ്മളാം ജനകോടികളുടെ ഉള്ളില്‍ 916 പരിശുദ്ധിയും നൈര്‍മല്യവുമുള്ള ഒരു വിശ്വസ്ത സ്ഥാപനം അദ്ദേഹം എന്നേയ്ക്കുമായി തുറന്നിട്ടിരിക്കുന്നു.

ആ സ്ഥാപനത്തിന്റെ പേരാണ് മനുഷ്യന്‍. കോടീശ്വരനും ശതകോടീശ്വരനുമാകാന്‍ പലര്‍ക്കും കഴിഞ്ഞേക്കും.
മനുഷ്യനാവാന്‍… രാമചന്ദ്രന്‍ മനുഷ്യനായിരുന്നു. 916 മനുഷ്യന്‍. മനുഷ്യന്‍ യാത്രയാവുമ്പോള്‍ മനുഷ്യന്‍ കരയാതിരിക്കുന്നതെങ്ങനെ.

CONTENT HIGHLIGHTS:  former judge s. sudeep’s write up about atlas ramachandran

എസ്. സുദീപ്

തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌

We use cookies to give you the best possible experience. Learn more