| Thursday, 30th June 2022, 10:59 pm

'സേതുവിന് എന്നും സേതുവിനോടു മാത്രമായിരുന്നു സ്‌നേഹം', ബി.ജെ.പിക്ക് ബി.ജെ.പിയോടും, അത് ഷിന്‍ഡേക്കുമറിയാം, എന്നിട്ടും ഈ വഴങ്ങലിന് പിന്നിലെന്താണ്; എസ്. സുധീപ് എഴുതുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ താഴെയിറിക്കിയ ബി.ജെ.പി നടപടിയില്‍ പ്രതികരണവുമായി മുന്‍ ജഡ്ജി എസ്. സുധീപ്. ബി.ജെ.പിക്ക് ശിവസേനയോട് ഇത്രമേല്‍ സ്‌നേഹമായിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പദം പങ്കുവെക്കാനെങ്കിലും ബി.ജെ.പി തയ്യാറാകുമായിരുന്നുവെന്ന് സുധീപ് പറഞ്ഞു. ബി.ജെ.പിയുടെ ധൃതരാഷ്ട്രാലിംഗനം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു എസ്.സുധീപിന്റെ പ്രതികരണം.

സേതുവിന് എന്നും സേതുവിനോടു മാത്രമായിരുന്നു സ്‌നേഹമെന്നു കാലത്തിലെ സുമിത്ര പറയുന്നതു പോലെ ബി.ജെ.പിക്ക് എന്നും ബിജെപിയോടു മാത്രമാണു സ്‌നേഹം. ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് മുഖ്യമന്ത്രി പദം നല്‍കിയിരിക്കുന്നത് ശിവസേനയെ വളര്‍ത്താനല്ല. പിളര്‍ത്താനും ഇല്ലാതാക്കാനും മാത്രമാണ്. ഇതെല്ലാം ഷിന്‍ഡേയ്ക്കുമറിയാം. എന്നിട്ടുമെന്തിനാണ് ബി.ജെ.പിയുടെ/അമിത് ഷായുടെ/ഫഡ്‌നാവിസിന്റെ ധൃതരാഷ്ട്രാലിംഗനത്തിനു ഷിന്‍ഡേ വഴങ്ങിക്കൊടുത്തിരിക്കു ന്നതെന്നു ചോദിച്ചാല്‍..
തനിക്കും കൂടെ നില്‍ക്കുന്നവര്‍ക്കും തലമുറകള്‍ കഴിയാനുള്ളതു മുന്‍കൂറായി കിട്ടിയാല്‍ പണത്താലും അധികാരത്താലും നയിക്കപ്പെടുന്ന ആര്‍ക്കും പുളിക്കില്ലല്ലോ എന്നാണ് സുധീപ് എഴുതിയത്.

ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും കേന്ദ്ര ഭരണകൂടം ഉപയോഗിക്കാവുന്ന ഇ.ഡി അന്വേഷണങ്ങളുടെ വാള്‍മുന തങ്ങളുടെ തലയ്ക്ക് മുകളിലുമുണ്ടെന്ന അറിവ്. മറുകണ്ടം ചാടിയാല്‍ രക്ഷ.
ഷിന്‍ഡേയുടെ മുഖ്യമന്ത്രി പദത്തിന് വലിയ ആയുസൊന്നുമില്ലെന്ന് ഷിന്‍ഡേയ്ക്കറിയാം. മറുകണ്ടം ചാടിയിട്ട് മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കില്‍ ശിവസൈനികരോടു പറയാന്‍ ഒരു ന്യായവും ഷിന്‍ഡേക്ക് ബാക്കിയുണ്ടാവുമായിരുന്നില്ല. ശിവസേനയ്ക്ക് അഥവാ ഷിന്‍ഡേ സേനയ്ക്ക് വെറും ഉപമുഖ്യമന്ത്രി പദം കിട്ടാനാണോ ശിവസേനയുടെ/താക്കറേയുടെ മുഖ്യമന്ത്രി പദം ബലി നല്‍കിയതെന്നു ശിവസൈനികര്‍ ചോദിച്ചാല്‍ ഷിന്‍ഡേക്ക് മറുപടി നല്‍കാനാവില്ല. ഒരു താല്‍ക്കാലിക മറുപടി മാത്രമാണ് താല്‍ക്കാലിക മുഖ്യമന്ത്രി പദം.

ഈ വര്‍ഷം ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞടുപ്പാണ്. അതിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും താക്കറേയുടെ മുഖ്യശത്രു ഷിന്‍ഡേ ആയിരിക്കും, തിരിച്ചും. അതുതന്നെയാണ് ബി.ജെ.പിക്ക് വേണ്ടതും. ശിവസേനയെ ശിവസേന തന്നെ തോല്പിക്കുന്ന ആ അവസ്ഥ. അപ്പോഴാണ് ബി.ജെ.പിക്കു വളരാന്‍ കഴിയുക.
ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ശിവസേന ഭരിക്കുന്ന ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. 46,000 കോടി രൂപയുടെ വാര്‍ഷിക ബജറ്റുള്ള മുംബൈ കോര്‍പ്പറേഷന്‍. പിന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവും.
അതിനായി ബി.ജെ.പി കണ്ടെത്തിയ ബലിയാടാണ് ഷിന്‍ഡെ.
അതുവരെ, കേന്ദ്ര സമ്മര്‍ദ്ദത്തിനു വഴങ്ങി ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കേണ്ടി വന്ന ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരിക്കും ഫലത്തില്‍ മുഖ്യമന്ത്രി.
ഫഡ്‌നാവിസിനു വേണ്ടി വാളെടുത്തവനാണ് ഷിന്‍ഡേ. വാളടുത്തവരുടെയൊക്കെ ഒടുക്കം വാളാല്‍ത്തന്നെയാണെന്ന് ചരിത്രം പറയുന്നുണ്ടെന്നും സുധീപ് എഴുതി.

CONTENT HIGHLIGHTS: Former judge S. Sudeep’s writ up about Maharashtra politics

We use cookies to give you the best possible experience. Learn more