| Monday, 22nd August 2022, 11:18 am

'ജനത്താല്‍ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍'; രാഷ്ട്രീയഭിന്നതകള്‍ വ്യക്തി വൈരാഗ്യമായി കൊണ്ടുനടക്കുന്ന വെറും സംഘപരിവാറുകാരന്‍: ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്. സുദീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജ് എസ്. സുദീപ്. കണ്ണൂര്‍ സര്‍വകലാശാല വെെസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഒരു ക്രിമിനലാണെന്ന ഗവര്‍ണറുടെ കഴിഞ്ഞ ദിവസത്തെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു എസ്. സുദീപ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് പരിഗണിച്ച നടപടി ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുദീപ് പരാമര്‍ശിക്കുന്നുണ്ട്.

ആരിഫ് ഖാന് കണ്ണൂര്‍ വി.സിയോടും കെ.കെ. രാഗേഷിനോടും വ്യക്തി-രാഷ്ട്രീയ വൈരാഗ്യമാണുള്ളതെന്നും രാഷ്ട്രീയ ഭിന്നതകളെ വ്യക്തി വൈരാഗ്യത്തിന്റെ തലത്തില്‍ മനസില്‍ കൊണ്ടുനടക്കുന്ന വെറുമൊരു സംഘപരിവാറുകാരനാണ് ഖാന്‍ എന്നും സുദീപ് കുറിപ്പില്‍ പറയുന്നു.

തന്റെ വ്യക്തി വൈരാഗ്യം കണ്ണൂര്‍ വി.സിയോടും കെ.കെ. രാഗേഷിന്റെ ഭാര്യയോടും തീര്‍ക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും സുദീപ് പോസ്റ്റില്‍ പറഞ്ഞു.

”2019ല്‍, സംഘപരിവാറിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കത്തിനില്‍ക്കുന്ന സമയത്ത് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ ജനങ്ങള്‍ പരസ്യമായി പ്രതിഷേധിച്ചതിന്റെ വൈരാഗ്യമാണ് കണ്ണൂര്‍ വി.സി ക്രിമിനലാണെന്ന ഖാന്റെ കള്ള ആരോപണത്തിന് പിന്നില്‍.


പൗരത്വ വിഷയത്തില്‍ കേന്ദ്രത്തെയും സംഘപരിവാറിനു വേണ്ടി നിലകൊള്ളുന്ന ഗവര്‍ണര്‍ ഖാനെയും അന്ന് എം.പി ആയിരുന്ന കെ.കെ. രാഗേഷ് വിമര്‍ശിച്ചു. അതിന്റെ വൈരാഗ്യമാണിത്,” സുദീപ് പറഞ്ഞു.

ആളുകള്‍ പ്രതിഷേധിച്ചത് കാരണം അന്ന് ഗവര്‍ണര്‍ക്ക് പ്രസംഗം നിര്‍ത്തി വേദിവിട്ട് പോകേണ്ടി വന്നിരുന്നു.

”ചരിത്ര കോണ്‍ഗ്രസില്‍ വെച്ച് ജനം ഇറക്കിവിട്ടയാളാണ് ഖാന്‍. ജനത്താല്‍ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍!” പോസ്റ്റില്‍ പറയുന്നു.

കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനും കെ.കെ. രാഗേഷും ആരിഫ് മുഹമ്മദ് ഖാന്റെ ശത്രുക്കളാണെന്നും സംഘപരിവാര്‍ ഏജന്റായ ഖാന്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പക കൊണ്ടുനടക്കുകയാണെന്നും എസ്. സുദീപ് പറയുന്നു. ”രാഷ്ട്രീയ ഭിന്നതകളെ വ്യക്തി വൈരാഗ്യത്തിന്റെ തലത്തില്‍ മനസില്‍ കൊണ്ടുനടക്കുന്ന വെറുമൊരു സംഘപരിവാറുകാരനാണ് ഖാന്‍. തന്റെ വ്യക്തി വൈരാഗ്യം കണ്ണൂര്‍ വി.സിയോടും കെ.കെ. രാഗേഷിന്റെ ഭാര്യയോടും അയാള്‍ തീര്‍ക്കുകയാണ്,” സുദീപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Former Judge S Sudeep’s Facebook post against governor Arif Muhammed Khan

We use cookies to give you the best possible experience. Learn more