ഞാന്‍ കരുതി സംഘപരിവാറാണ് ഏറ്റവും വലിയ വിവരദോഷികളെന്ന്; ജോജുവിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ പരിഹസിച്ച് എസ്. സുദീപ്
Kerala News
ഞാന്‍ കരുതി സംഘപരിവാറാണ് ഏറ്റവും വലിയ വിവരദോഷികളെന്ന്; ജോജുവിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ പരിഹസിച്ച് എസ്. സുദീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th November 2021, 10:47 pm

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ പരിഹസിച്ച് മുന്‍ ജഡ്ജി എസ്. സുദീപ്. ജോജു ജോര്‍ജിന്റെ സ്റ്റാര്‍ സിനിമ മാറിയിട്ടും പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചെന്ന് പറഞ്ഞ് ഷേണായിസ് തിയേറ്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു.

ഇതിനെതിരെയാണ് സുദീപിന്റെ പരിഹാസം.

‘ഇന്നുവരെ ഞാന്‍ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികള്‍ സംഘപരിവാറാണെന്നാണ്. സിനിമ മാറിയിട്ടും സിനിമയുടെ പോസ്റ്റര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് തിയേറ്ററിലേയ്ക്ക് ഒരു കൂട്ടര്‍ പ്രകടനം നടത്തിയ വാര്‍ത്ത ഇന്നു വായിച്ചപ്പോള്‍, സംഘപരിവാറിലെ സകല വിവരദോഷികളുടെയും ചിത്രത്തിനു മുമ്പില്‍ മെഴുതിരി കത്തിച്ചുവെച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി,’ സുദീപ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുമ്പില്‍ സംഘപരിവാര്‍ നിഷ്പ്രഭമായിപ്പോയിയെന്നും അദ്ദേഹം പരിഹസിച്ചു.

ജോജു ജോര്‍ജിന്റെ ചിത്രത്തോടൊപ്പം റീത്ത് വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ‘ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്.

ജോജുവിനൊപ്പം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ചിരുന്നു.

എസ്. സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഘപരിവാറിനോട് ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു.
നിങ്ങളെ ഞാന്‍ ഒരുപാട് പുച്ഛിക്കുകയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ തെറ്റാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത് ഇന്നാണ്.

ഇന്നുവരെ ഞാന്‍ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികള്‍ സംഘപരിവാറാണെന്നാണ്.

സിനിമ മാറിയിട്ടും സിനിമയുടെ പോസ്റ്റര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് തിയേറ്ററിലേയ്ക്ക് ഒരു കൂട്ടര്‍ പ്രകടനം നടത്തിയ വാര്‍ത്ത ഇന്നു വായിച്ചപ്പോള്‍, സംഘപരിവാറിലെ സകല വിവരദോഷികളുടെയും ചിത്രത്തിനു മുമ്പില്‍ മെഴുതിരി കത്തിച്ചു വച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.

എറണാകുളം ഷേണായ്‌സ് തിയേറ്ററില്‍ നിന്ന് ‘സ്റ്റാര്‍’ എന്ന ചിത്രം മാറിയിട്ടും പോസ്റ്റര്‍ നീക്കാത്തതില്‍ പ്രതിഷേധിച്ച് തിയേറ്ററിലേയ്ക്കു പ്രകടനം നടത്തി, ചിത്രത്തിലഭിനയിച്ച ജോജുവിന്റെ ചിത്രത്തില്‍ റീത്തു വച്ച്, ‘നിനക്കും പേപ്പട്ടിക്കും ഒരേ വിധി’ എന്നു കൊലവിളി നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുമ്പില്‍ സംഘപരിവാര്‍ നിഷ്പ്രഭമായിപ്പോയി!

വെല്‍ഡണ്‍ ഷാഫി പറമ്പില്‍!

ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് നടന്‍ ജോജുവില്‍ നിന്നാണെന്ന സത്യം മനസിലാക്കിത്തന്നതിനു നന്ദി!

എന്നാലും സംഘപരിവാറിനെ നിങ്ങള്‍ തോല്പിച്ചു കളഞ്ഞല്ലോടാ, മക്കളേ…
ഒന്നാം സ്ഥാനം നഷ്ടമായതില്‍ സംഘപരിവാറുകാര്‍ സങ്കടപ്പെടേണ്ടതില്ല, അവരൊക്കെയും നാളെ സംഘപരിവാറില്‍ ചേരാനുള്ളതല്ലേ…

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Former Judge S Sudeep mocks Youth Congress Joju George