തിരുവനന്തപുരം: ഹലാല്‍ വിവാദത്തിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ പരിഹസവുമായി മുന്‍ ജഡ്ജി എസ്. സുദീപ്. കാട്ടാളന് വാല്‍മീകിയാകാമെങ്കിലും സംഘപരിവാറുകാരന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘സന്ദീപ് വാര്യര്‍ അദ്ദേഹത്തിന്റെ മനുഷ്യത്വ(?) പോസ്റ്റ് പിന്‍വലിച്ചതില്‍ നിന്ന് നാം മനസിലാക്കേണ്ട കാര്യങ്ങള്‍: കാട്ടാളന് വാല്‍മീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാന്‍ കഴിയില്ല. വിവേകമല്ല, (പൂങ്കുന്നം) വികാരങ്ങളാണ് സംഘപരിവാറുകാരെ നയിക്കുന്നത്.
ഉത്തരവാദിത്തമില്ലായ്മയാണ് സംഘപരിവാറുകാരന്റെ മുഖമുദ്ര,’ എസ്. സുദീപ് പറഞ്ഞു.
ഓരോ മനുഷ്യായുസിന്റെയും പ്രയത്‌നം മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് തകര്‍ക്കുക എന്നതാണ് സംഘപരിവാറുകാരന്റെ കര്‍തവ്യം. സംഘപരിവാറുകാരന്‍ ചിന്തിക്കരുത്, തലച്ചോറുള്ള സംഘിയുണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം.
സംഘപരിവാറുകാരന്‍ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാല്‍ പോലും വിശ്വസിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസം സന്ദീപ് വാര്യരുടെ പ്രസ്തുത പോസ്റ്റ് ഷെയര്‍ ചെയ്തതിനും സുദീപ് പരിഹാസ രൂപേണെ മറുപടി നല്‍കി.
‘മാപ്പ്: ഒരു സംഘപരിവാറുകാരന്റെ പോസ്റ്റില്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും കുമ്മോജിയല്ലാത്ത ഒരു റിയാക്ഷന്‍ ഇടാന്‍ ഇടയായതില്‍ ഞാന്‍ എല്ലാ ഇന്ത്യക്കാരോടും നിരുപാധികം മാപ്പു ചോദിക്കുകയും എന്നെ ഞാന്‍ പരസ്യമായി ശാസിക്കുകയും ചെയ്യുന്നു.
ജയ് സവര്‍ക്കര്‍!,’ സുദീപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോസ്റ്റില്‍ പങ്കുവെച്ചത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, എന്നാല്‍ അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.
സന്ദീപ് വാര്യരുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധമായിരുന്നു സംഘപരിവാര്‍ ക്യാംപുകളില്‍ നിന്നടക്കം നേരിടേണ്ടി വന്നത്. സംഘപരിവാര്‍ വക്താവായ ടി.ജി. മോഹന്‍ദാസും രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ തുപ്പിയതിനെ ന്യായീകരിക്കുന്നത്
ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം പ്രവൃത്തിയാണെന്നായിരുന്നു മോഹന്‍ദാസ് പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ. സന്ദീപ് വാര്യരുടെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചു കയറിയിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സന്ദീപിന്റെ കുടുംബം നാട്ടകല്‍ പൊലീസില്‍ പരാതി നല്‍കി.
ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബി.ജെ.പിയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വിദ്വേഷ പ്രചാരണം നടത്തവേ വ്യത്യസ്ത നിലപാടുമായി കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നത്.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാകില്ല എന്ന് മനസിലാക്കിയാല്‍ നല്ലത്. ഒരു സ്ഥാപനം തകര്‍ക്കാന്‍ ഒരു പോസ്റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന് എന്നായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.