| Tuesday, 25th January 2022, 4:02 pm

സമൂഹ മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവന്റെ ശബ്ദം, വരേണ്യര്‍ക്കത് സഹിക്കുന്നില്ല; അസഹിഷ്ണുതയാണ് ഈ കരച്ചില്‍: എസ്. സുദീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ റെയിലിനെതിരെ കവിതയെഴുതിയതിന്റെ പേരില്‍ കവി റഫീഖ് അഹമ്മദിന് സൈബര്‍ ആക്രമം നേരിടുന്നു എന്ന ആരോപണത്തില്‍ പരോക്ഷ പ്രതികരണവുമായി മുന്‍ ജഡ്ജ് എസ്. സുദീപ്.

സമൂഹ മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവന്റെ ശബ്ദമാണെന്നും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശനം പോലെ, സാധാരണക്കാരന്‍ വരേണ്യവര്‍ഗത്തിനൊപ്പം നില്‍ക്കുമിടം. ഇത് വരേണ്യ വര്‍ഗങ്ങള്‍ക്കു സഹിക്കുന്നില്ലലെന്ന് സുദീപ് പറഞ്ഞു.

എതിര്‍പ്പുകളെ സഹിക്കാനോ യുക്തിസഹമായി പ്രതിരോധിക്കാനോ വര്‍ഗങ്ങള്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് മാധ്യമങ്ങള്‍ മുതല്‍ കോടതികള്‍ വരെ സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കെതിരെ നാഴികയ്ക്കു നാല്‍പതു വട്ടം ആഞ്ഞടിക്കുന്നത്. ഭയമാണവര്‍ക്ക്, രാജാക്കന്മാരും ദേവേന്ദ്രന്മാരും നഗ്‌നരാണെന്നു പറയുന്നവരെ അവര്‍ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘അങ്ങനെയാണെങ്കില്‍ ഏറ്റവുമുറക്കെ കരയേണ്ടത് ജി. സുധാകരന്‍ എന്ന കവിയാണ്.
അദ്ദേഹത്തോളം വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയനായ ഒരു കവി വേറെയില്ല.
പൂച്ചേ പൂച്ചേ എന്ന പൂച്ചക്കവിത മുതല്‍ കമ്പീ കമ്പീ കമ്പിയില്ലാക്കമ്പീ എന്ന കമ്പിക്കവിത വരെ എത്ര കവിതകള്‍, എത്ര പരിഹാസങ്ങള്‍!

അദ്ദേഹത്തെ ഏറ്റവുമധികം പരിഹസിച്ചത് സമൂഹ മാധ്യമങ്ങളിലെ ഇടത് പ്രൊഫൈലുകളാണ്.
പരിഹാസ-വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും തീര്‍ത്തും വിഭിന്നങ്ങളാണ്. രണ്ടിനെയും കൂട്ടിക്കുഴയ്ക്കുന്നവരാണു സ്വയം പരിഹാസപാത്രങ്ങളാവുക.

അതിനിശിതമായ പരിഹാസ- വിമര്‍ശനങ്ങള്‍ അടങ്ങുന്ന കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിനെയോ ചാക്യാരുടെ കൂത്തിനെയോ വി.കെ.എന്‍ കഥകളെയോ ടോംസിന്റെ കാര്‍ട്ടൂണുകളെയോ ആക്രമണങ്ങളായി ചിത്രീകരിച്ചാല്‍ എങ്ങനെയിരിക്കും?,’ എസ്. സുദീപ് ചോദിച്ചു.

അവരൊക്കെയും സൈബറിടത്തില്‍ ഇന്ന് ആത്മാവിഷ്‌കാരം നടത്തിയിരുന്നെങ്കില്‍ അവരെയും സൈബര്‍ അക്രമികളെന്നു വിശേഷിപ്പിക്കാന്‍ പലരും ചാടിവീഴുമായിരുന്നു, വലതുപക്ഷ മാധ്യമങ്ങള്‍ തൊട്ട് ദേവേന്ദ്രന്മാര്‍ വരെ പലരും. വിമര്‍ശനങ്ങള്‍ക്കു നേരെയുള്ള അസഹിഷ്ണുതയാണ് ഈ കരച്ചിലെന്നും അദ്ദേഹം റഫീഖ് അഹമ്മദിന്റെ പേര് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.

‘സാധാരണക്കാരന് കവിതയോ വാര്‍ത്തയോ കോടതി വിധിയോ വായിച്ചാല്‍, സ്വന്തം വീട്ടിലും ബാര്‍ബര്‍ ഷോപ്പിലും(പെണ്ണുങ്ങള്‍ക്ക് അതും പറ്റില്ലായിരുന്നു)മാത്രം എതിര്‍പ്പു പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്ന, സാധാരണക്കാരന്റെ എതിര്‍ശബ്ദങ്ങള്‍ക്ക് പൊതുയിടങ്ങളില്‍ അയിത്തമുണ്ടായിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവന്റെ ശബ്ദമാണ്. ക്ഷേത്രപ്രവേശനം പോലെ, സാധാരണക്കാരന്‍ വരേണ്യവര്‍ഗത്തിനൊപ്പം നില്‍ക്കുമിടം.

ആ ആക്രമണങ്ങളാണ് നോണ്‍-സൈബര്‍ ആക്രമണങ്ങള്‍, നോണ്‍-സൈബര്‍ ബുള്ളിയിംഗ്…
കവികളിലും മാധ്യമങ്ങളിലും ദേവേന്ദ്രന്മാരിലും പുഴുക്കുത്തുകളുണ്ട്. എല്ലാം സമൂഹത്തിന്റെ പരിഛേദങ്ങളാണ്. സമൂഹ മാധ്യമങ്ങള്‍ മറ്റൊരു പരിഛേദം മാത്രമാണ്. നിങ്ങളെപ്പോലത്തെ പുഴുക്കുത്തുകള്‍ ഇവിടെയും കാണും. അത്രേയുള്ളു.

സൈബറിടങ്ങളിലെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പോലുമാവാതെ നിങ്ങള്‍ കരയുകയും വെറുതെ ആഞ്ഞടിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ പരിഹാസപാത്രങ്ങളാവുന്നതു നിങ്ങളാണ്.
ശബ്ദമില്ലാതെ പോയവരുടെ ഉറച്ച ശബ്ദങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കുന്നതെന്തിന്?,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGTS:  Former judge S. Sudeep Indirect response to allegations that poet Rafeeq Ahmed is facing cyber-attacks for writing poetry against K Rail.

We use cookies to give you the best possible experience. Learn more