കോഴിക്കോട്: ആര്‍.എസ്.എസിനെയും പൊലീസിനേയും വിമര്‍ശിച്ചതിന് കേസെടുത്ത പൊലീസ് കേരള മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഭീകരര്‍ക്കെതിെരെ എന്ത് നടപടിയെടുത്തു എന്നറിയില്ലെന്ന് മുന്‍ ജഡ്ജ് എസ്. സുദീപ്.
കേരള മുഖ്യമന്ത്രിയെ കൊല്ലുമെന്നു പരസ്യമായി പ്രഖ്യാപിച്ച സംഘടന ഭീകരസംഘടന തന്നെയാണ്.
കൊല്ലുമെന്ന പ്രഖ്യാപനത്തിന്റെ വീഡിയോ പങ്കുവെച്ച നേതാവ് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്ന കൊടുംഭീകരനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആര്‍.എസ്.എസും പൊലീസും വിമര്‍ശനത്തിന് അതീതമാണോ. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍, സംഘപരിവാറിന് കേരള ഭരണം കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു.
‘കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിക്കീറി പട്ടിക്കിട്ടു കൊടുക്കും ഞങ്ങള്‍.
എന്നായിരുന്നു കൊടുങ്ങല്ലൂരില്‍ സത്യേഷ് ദിനത്തില്‍ നടന്ന ബി.ജെ.പി പ്രകടനത്തിലെ മുദ്രാവാക്യം.
അതിന്റെ വീഡിയോ പരസ്യമായി ഫേസ്ബുക്കില്‍ പങ്കുവച്ചത് സന്ദീപ് വചാസ്പതി എന്ന ബി.ജെ.പിക്കാരന്‍.
എന്നിട്ട് ആ ഭീകരന്മാര്‍ക്കെതിരെ കേരളത്തിലെ ആഭ്യന്തര വകുപ്പ് എന്ത് നടപടിയെടുത്തു എന്നറിയില്ല.
ആ വീഡിയോ പങ്കുവച്ച, സംഘപരിവാറിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച ഉസ്മാന്‍ ഹമീദ് കട്ടപ്പനയെ, ആര്‍. എസ്.എസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിക്കുന്ന മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു,’ എസ്. സുദീപ് പറഞ്ഞു.
ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ സത്യേഷ് ബലി ദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജാഥയിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.