| Saturday, 27th August 2022, 4:40 pm

'വിരമിക്കുന്ന ദിവസം രമണന് പൊടുന്നനെ ഓര്‍മവന്നു, പൊള്ളയായൊരു ഖേദപ്രകടനം നടത്തിയാല്‍ നീതി നടപ്പാക്കപ്പെടുമോ?' എസ്. സുദീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എന്‍.വി. രമണക്കെതിരെ വിമര്‍ശനവുമായി മുന്‍ ജഡ്ജ് എസ്. സുദീപ്. വിരമിക്കുന്ന ദിവസം എന്‍.വി. രമണ ഇതുവരെയുള്ള നിഷ്‌ക്രിയത്വത്തെച്ചൊല്ലി പൊള്ളയായൊരു ഖേദപ്രകടനം നടത്തിയാല്‍ നീതി നടപ്പാക്കപ്പെടുമോ എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എസ്. സുദീപിന്റെ പ്രതികരണം.

‘ഇന്നലെയാണ് ചീഫ് ജസ്റ്റിസ് രമണന് ബോധോദയം വന്നത്. ഇത്രനാളും രമണന്‍ വെറുതെ ഇരിക്കുകയായിരുന്നത്രെ. കേസുകള്‍ യഥാസമയം ലിസ്റ്റ് ചെയ്യുന്നതിലും ബെഞ്ചുകളുടെ പരിഗണനക്ക് വിടുന്നതിലും തനിക്കുവീഴ്ച്ച പറ്റിയെന്ന് താന്‍ വിരമിക്കുന്ന ദിവസം രമണന് പൊടുന്നനെ ഓര്‍മവന്നു!
വിരമിക്കല്‍ പ്രസംഗത്തില്‍ അതിന് മാപ്പും പറഞ്ഞു. തീര്‍ന്നു.
ഇനി കേന്ദ്ര സര്‍ക്കാര്‍ വെച്ചുനീട്ടുന്ന അടുത്ത പദവിയില്‍ കയറിക്കൂടണം.

കേന്ദ്രത്തിലെ സംഘപരിവാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളായ നോട്ട് നിരോധനവും ഹിജാബ് നിരോധനവും കശ്മീര്‍ വിഷയവും തെരഞ്ഞെടുപ്പ് ബോണ്ടും യു.എ.പി.എയും പൗരത്വ നിയമവുമൊന്നും ലിസ്റ്റ് ചെയ്യാനോ കേള്‍ക്കാനോ രമണന്‍ ചീഫ് ജസ്റ്റിസായിരുന്ന ഒന്നരക്കൊല്ലത്തിനിടെ ശ്രമിച്ചിട്ടില്ലെന്നത് രമണന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമായ സ്ഥിതിക്ക് രമണന് അടുത്ത പദവി കിട്ടാതിരിക്കാന്‍ ഒരു ന്യായവുമില്ല തന്നെ.

മുന്‍ പറഞ്ഞ കേസുകളൊന്നും കേള്‍ക്കാന്‍ രമണന്‍ തയ്യാറായിരുന്നില്ലെന്നും തയ്യാറാവില്ലെന്നും നമുക്ക് മുമ്പേ അറിയാവുന്ന കാര്യമാണ്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് രമണന്‍ അപ്രകാരം തയ്യാറാകാതിരുന്നാല്‍ അതിനെതിരെ നമുക്കുപരാതിപ്പെടാന്‍ ഇടമില്ലെന്നു രമണനറിയാം. തന്നെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന തികഞ്ഞ ബോധ്യം,’ എസ്. സുദീപ് പറഞ്ഞു.

രമണന്‍ ഇതൊന്നും ലിസ്റ്റ് ചെയ്യാനോ കേള്‍ക്കാനോ തയ്യാറാകാതെ വീഴ്ച്ചവരുത്തിയെന്നു നമ്മള്‍ പറഞ്ഞാലോ? ഉടന്‍ നമുക്കെതിരെ കോടതിയലക്ഷ്യമെടുക്കും! ബോബ്ഡെ എന്ന പിന്നീട് നാഗ്പൂര്‍ ആര്‍.എസ്.എസ് ആസ്ഥാനം നിരങ്ങിയ ഒരുത്തന്റെ കാലത്ത്, കൊവിഡ് മൂര്‍ധന്യ കാലമായിരുന്നിട്ടും ബാക്കി കേസുകളൊക്കെ മാറ്റിവെച്ച്, പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യമെടുക്കാനും വിചാരണ ചെയ്യാനും കാണിച്ച അതേ ഉത്സാഹം! ഒരു ആര്‍.എസ്.എസുകാരന്റെ ആഡംബര ബൈക്ക് ചീഫ് ജസ്റ്റിസ് ബോബ്ഡെ ഓടിക്കുന്ന ചിത്രം പങ്കുവെച്ച് കുറിപ്പിട്ടതാണ് ഭൂഷണ്‍ ചെയ്ത കുറ്റം!

അതേ ഉത്സാഹം നമുക്കെതിരെയും ഉണ്ടാകും. ഒരു സംശയവും വേണ്ട.
ആര്‍.എസ്.എസ് ആസ്ഥാനം നിരങ്ങിയ ബോബ്‌ഡെ തനിച്ചൊന്നുമല്ല. ഹൈക്കോടതി ജഡ്ജിയായിരിക്കെ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട മഹാനായ ദേവന്‍ രാമചന്ദ്രനൊക്കെ ഇവിടെയുണ്ട്. ഈ ലേഖകന്‍ ജഡ്ജിയായിരിക്കെത്തന്നെ ആ വിവരം പരസ്യമായി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
അതിന്റെ വൈരാഗ്യംവെച്ച് ഈ ലേഖകനെതിരെ പൊലീസ് അന്വേഷണം ഉത്തരവിട്ട മഹാനാണ് ദേവന്‍!

ദേവനെയോ കേരള ഹൈക്കോടതിയെയോ ഇന്ത്യന്‍ ജുഡീഷ്യറിയെയോ പോലും പരാമര്‍ശിക്കാതെ ഒരു മാതൃകാ കോടതി എന്തായിരിക്കണമെന്നു മാത്രം ഈ ലേഖകന്‍ പറഞ്ഞതിന് മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ഈ ലേഖകന്റെ ബന്ധം അന്വേഷിക്കാന്‍ പൊലീസ് അന്വേഷണം ഉത്തരവിട്ട നീതിമാന്‍! പൊലീസ് അതിക്രമത്തിനെതിരായ റിട്ട് ഹരജിയില്‍ പൊലീസ് അതിക്രമം അഴിച്ചുവിട്ട മഹാന്‍!

എന്തുമാവാമെന്ന അഹങ്കാരം! ന്യായമായ കാര്യങ്ങള്‍ ഉന്നയിക്കുന്നവരെപ്പോലും കേസില്‍ കുടുക്കാന്‍ തനിക്കു കഴിയുമെന്ന ധാര്‍ഷ്ട്യം! ജുഡീഷ്യല്‍ ആക്ടിവിസമല്ല, തെമ്മാടിസം, മാടമ്പിസം!
ജുഡീഷ്യറിയില്‍ മാടമ്പി വ്യവസ്ഥിതിയാണെന്നു പരസ്യമായി പറഞ്ഞത് ഇന്ന് സുപ്രീം കോടതി ജഡ്ജിയായിരിക്കുന്ന, യു.യു. ലളിതിന് ശേഷം ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ആകേണ്ട ഡി.വൈ. ചന്ദ്രചൂഡാണ്. ചന്ദ്രചൂഡിനതു പറയാം. നമ്മള്‍ പറഞ്ഞാല്‍ കോടതി അലക്ഷ്യമാകുമെന്നും എസ്.സുദീപ് പറഞ്ഞു.

തിരിച്ചുചോദിക്കട്ടെ, ഒന്നരക്കൊല്ലം ചീഫ് ജസ്റ്റിസായിരുന്ന രമണന്‍ കേസുകള്‍ ലിസ്റ്റ് ചെയ്യാനോ ബെഞ്ചുകളുടെ പരിഗണനക്ക് വിടാനോ തയ്യാറാകാതിരുന്നതില്‍ ഒരലക്ഷ്യവും നിങ്ങള്‍ കാണുന്നില്ലേ?
വിരമിക്കുന്ന ദിവസം തന്റെ ഇതുവരെയുള്ള നിഷ്‌ക്രിയത്വത്തെച്ചൊല്ലി വെറും പൊള്ളയായൊരു ഖേദപ്രകടനം നടത്തിയാല്‍ നീതി നടപ്പാക്കപ്പെടുമോ? പോയ ഒന്നരക്കൊല്ലം തിരികെക്കിട്ടുമോ? നിങ്ങള്‍ വാങ്ങിയ കനത്ത ശമ്പളവും ആനുകൂല്യങ്ങളും ഇനി വാങ്ങുന്ന പെന്‍ഷനും വിരമിച്ച ശേഷം നിങ്ങള്‍ നേടിയെടുക്കുന്ന സര്‍ക്കാര്‍ വസതിയും ഡ്രൈവറും അസിസ്റ്റന്റുമടക്കമുള്ള അനര്‍ഹമായ നിരവധി മറ്റാനുകൂല്യങ്ങളുമൊക്കെ ഞങ്ങളുടെ നികുതിപ്പണമാണെന്നിരിക്കെ അതൊക്കെ നിങ്ങള്‍ തിരികെത്തരുമോ?
നിങ്ങളുടെ ഈ പ്രവൃത്തികളിലൊന്നും ഒരു അനീതിയും അധാര്‍മികതയും അലക്ഷ്യവും നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു സാരമായ തകരാറുണ്ട്.
ഞങ്ങള്‍ ജനങ്ങളുടെ കോടതിയില്‍ നിങ്ങള്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും എസ്. സുദീപ് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: Former judg S  Sudeep  criticized Justice N.V. Ramana who retired from the post of Chief Justice.

We use cookies to give you the best possible experience. Learn more