| Sunday, 2nd August 2020, 8:26 am

ദല്‍ഹി കലാപം: ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂര്‍: മൊബൈല്‍ പിടിച്ചെടുത്തെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: വടക്കു-കിഴക്കന്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിനെ പൊലീസ് ചോദ്യം ചെയ്തു. കേസില്‍ ഉമര്‍ ഖാലിദടക്കം എട്ട് പേര്‍ക്കെതിരെ യു.എ.പി.എ, രാജ്യദ്രോഹക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യലിനായി അദ്ദേഹത്തിന്റെ സെല്‍ഫോണ്‍ പിടിച്ചുവെച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ചയാണ് കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്തത്.

കലാപവുമായി ബന്ധപ്പെട്ട് ഖാലിദിനെ ഞങ്ങള്‍ ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കണ്ടുകെട്ടിയിട്ടുണ്ട്- ദല്‍ഹി സ്‌പെഷ്യല്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍ നീരജ് താക്കൂര്‍ പറഞ്ഞു.

അതേസമയം ദല്‍ഹി കലാപം ആസൂത്രണം ചെയ്‌തെന്നാരോപിച്ച് എട്ടോളം പേര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിട്ടുണ്ട്. സസ്പെന്‍ഷനിലായ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, ജാമിയ വിദ്യാര്‍ത്ഥി മീരന്‍ ഹൈദര്‍, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ സഫൂറ സര്‍ഗാര്‍, പിഞ്ച്ര ടോഡ് പ്രവര്‍ത്തകരായ നതാഷ നര്‍വാള്‍, ദേവംഗാന കലിത എന്നിവരടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായതിനാലാണ് ഇവര്‍ക്കെതിരെ പൊലീസ് നടപടിയെന്ന് ആരോപണം ശക്തമാകുകയാണ്.

കഴിഞ്ഞ ദിവസമാണ് ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ മുസ്ലീങ്ങളെ ആക്രമിക്കാന്‍ എല്ലാ സഹായവും ചെയ്തു തന്നത് പൊലീസായിരുന്നെന്ന് കലാപത്തില്‍ പങ്കെടുത്ത വ്യക്തി വെളിപ്പെടുത്തിയത്. ദി കാരവന്‍ മാഗസിന്‍ നല്‍കിയ അഭിമുഖത്തിലാണ് കലാപത്തില്‍ പങ്കെടുത്ത 22 കാരന്‍ ദല്‍ഹി കലാപത്തെ കുറിച്ചും അന്ന് നടന്ന കൊലപാതകങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നത്.

താനും ഹിന്ദു കൂട്ടാളികളും ദല്‍ഹി പൊലീസിന്റെ പിന്തുണയോടെ മുസ്ലീങ്ങളെ ആക്രമിച്ചത് എങ്ങനെയെന്ന് അദ്ദേഹം അഭിമുഖത്തില്‍ വിശദമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more