ദല്‍ഹി കലാപം: ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
national news
ദല്‍ഹി കലാപം: ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 7:20 am

ന്യൂദല്‍ഹി: ദല്‍ഹി കലാപ കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്‌തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഉമര്‍ ഖാലിദിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും തിങ്കളാഴ്ച ദല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ ദേവങ്കണ കലിത, നതാഷ നര്‍വാള്‍, ജാമി അ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരേയും ദല്‍ഹിയിലെ ജാഫ്രാബാദിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ്  നേരത്തെ   പ്രതി ചേര്‍ത്തിരുന്നു.മൂന്ന് പേര്‍ക്കെതിരേയും പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.


അതേസമയം,   ശനിയാഴ്ച ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, ഡി.യു പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യൂമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയി എന്നിവര്‍ക്കെതിരെയും
ദല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രം ചുമത്തിരുന്നു.
എന്നാല്‍
ഇവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ദല്‍ഹി പൊലീസ് രംഗത്തെത്തിയിരുന്നു.

കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ
കുറ്റംചുമത്താനാകില്ല. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുള്ളൂ എന്നാണ് വാര്‍ത്തകള്‍ക്ക് പിന്നാലെ പൊലീസ് വക്താവ് പ്രതികരിച്ചത്. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നുമാണ് പൊലീസ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Former JNU Student Umar Khalid Arrested In Delhi Riots Case