ന്യൂദല്‍ഹി: ജെ.എന്‍.യു. കോളജ് തെരഞ്ഞെടുപ്പ് റിപ്പോട്ട് ചെയ്യാനെത്തിയ ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ മുഹമ്മദ് ഇബ്രാറിന് എ.ബി.വി.പി. മുന്‍ ജോയിന്റ് സെക്രട്ടറിയുടെ ഭീഷണി. ഇടത് ആക്റ്റിവിസത്തിന് വഴങ്ങാതെ പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കു. അഫ്സല്‍ഗുരു കളിക്കേണ്ട.” മുഹമ്മദ് ഇബ്രാറിന് എ.ബി.വി.പി. ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മ അയച്ച സന്ദേശത്തില്‍ പറയുന്നു.
ഇരുനൂറ് ഇടത് സംഘടനാ പ്രവര്‍ത്തകര്‍ ഹോസ്റ്റലിന് പുറത്ത് തങ്ങളെ അക്രമിക്കാനായി എത്തിയിരിക്കുന്നുവെന്ന് അറിയിക്കാന്‍ ഇബ്രാറുമായി ബന്ധപ്പെട്ടതാണ് ശര്‍മ്മ. സംഘര്‍ഷമുണ്ടെന്ന് സൗരഭ് ശര്‍മ്മ ആരോപിച്ച സഥലത്ത് ഈ സമയം തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടത് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസംഗിക്കുയായിരുന്നു. പ്രസംഗം റിപ്പോട്ട് ചെയ്യുവാന്‍ എത്തിയതായിരുന്നു ഇബ്രാര്‍.
മറുപടിയായി താന്‍ ഈ ഹോസ്റ്റലിന് പുറത്തുണ്ടെന്നും ഇവിടെ കാര്യങ്ങള്‍ സമാധാനപൂര്‍ണ്ണമായാണ് നടക്കുന്നത് എന്നും ഇബ്രാര്‍ പറഞ്ഞു. പരിക്ക്് പറ്റിയ വിദ്യാര്‍ത്ഥികളുടേതെന്ന് പറഞ്ഞ് കുറച്ച് ചിത്രങ്ങളാണ് ശര്‍മ്മ തിരിച്ചയച്ചത്. എത്ര പേര്‍ക്ക്് പരിക്കുണ്ടെന്ന് അന്വേഷിച്ചപ്പോഴാണ് ഭീഷണിയുമായി എത്തിയത്. ” ക്യൂ ഇത്നാ ലെഫ്റ്റ്ഗിരി കര്‍ത്തേ ഹേ ഇബ്രാര്‍ ബായി? ജേണലിസം പര്‍ ധ്യാന്‍ ദീജിയെ , ലെഫ്റ്റ് ആക്റ്റിവിസെ യാ അഫ്സല്‍ഗിരി പര്‍ നഹി” എന്നാണ് ശര്‍മ്മ സന്ദേശമയച്ചത്.
രാഷ്ട്രീയം പറയാതെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഉത്തരം പറഞ്ഞു കഴിഞ്ഞു എന്നാണ് ശര്‍മ്മ പറഞ്ഞത്. ഇതിനു മുമ്പും പല തവണ എ.ബി.വി.പി. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയതായി മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.