റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ ബി.ജെ.പി എം.എല്‍.എ ഗുരുചരന്‍ നായികിന് നേരെ മാവോയിസ്റ്റ് ആക്രമണം. റാഞ്ചിയിലെ മനോഹര്പുരിയില് വെച്ച് ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. അക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
ജിലാരുവിലെ ഒരു സ്കൂളില്‍ കായികമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്ക് ശേഷം മടങ്ങിയ അദ്ദേഹത്തിന്റെ കാര്‍ വളഞ്ഞ് സിവില്‍ യൂണിഫോമിലുള്ള മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അവിടെ നിന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം രക്ഷപ്പെട്ട എം.എല്‍.എ സോനുവാ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
താന്‍ വാഹനത്തിലേക്ക് കയറനൊരുങ്ങവേയാണ് ആക്രണമുണ്ടായതെന്നും ജനക്കൂട്ടം ഉണ്ടായിരുന്നതുകൊണ്ടാണ് അതിനിടയില്‍ കയറി തനിക്ക് രക്ഷപ്പെടാനായതെന്നും ഗുരുചരണ്‍ നായിക് പറഞ്ഞു.പ്രദേശത്ത് സി.ആര്.പി.എഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തുകയാണ്.
കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. 25 മാവോയിസ്റ്റുകളെങ്കിലും സ്ഥലത്തുണ്ടായിരുന്നെന്നു ഗ്രാമീണര്‍ പറഞ്ഞു. നേരത്തേയും ഹര്ട്ടയില് വെച്ച് അദ്ദേഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.