റാഞ്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയില്‍ മോചിതനായി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് വൈകിട്ടോടെ മോചിതനായ ഹേമന്ത് സോറനെ പങ്കാളി കല്‍പന സോറനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വാഗതം ചെയ്തു.
ഒരാളെ രാഷട്രീയ ഗൂഢാലോചന നടത്തി ജയിലിലടയ്ക്കുന്നത് എങ്ങനെയെന്ന് തന്റെ അറസ്റ്റില്‍ നിന്ന് എല്ലാവര്‍ക്കും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.
‘അഞ്ച് മാസത്തോളം ഞാന്‍ ജയിലില്‍ കിടന്നു. ജുഡീഷ്യല്‍ നടപടികള്‍ക്കായി ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമെടുക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ഞങ്ങള്‍ ആരംഭിച്ച പോരാട്ടം പൂര്‍ത്തിയാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കും’, സോറന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതയില്‍ ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് റോങ്കോണ്‍ മുഖോപാധ്യായയുടെ സിംഗിള്‍ ബെഞ്ചാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ 2024 ജനുവരി 31നാണ് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് സോറന്റെ അഭിഭാഷകൻ പറഞ്ഞു. ഒപ്പം സോറൻ അന്യായമായി ഉന്നം വെക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിൽ 8 .86 ഏക്കർ ഭൂമി സ്വന്തമാക്കാൻ അദ്ദേഹം തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നാണ് ഇ.ഡിയുടെ വാദം. അനധികൃത ഭൂമി ഇടപാടിൽ സോറന്റെ പങ്ക് സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇ.ഡി കോടതിയിൽ അവകാശപ്പെട്ടിരുന്നു.
Content Highlight: Former Jharkhand CM Hemant Soren walks out of jail after bail in land scam case