ന്യൂദല്‍ഹി: മുതിര്‍ന്ന ജെ.എം.എം(ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ചമ്പായ് സോറന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. റാഞ്ചിയില്‍ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് സോറന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ദല്‍ഹിയില്‍ വെച്ച് സോറന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ജെ.എം.എമ്മില്‍ നിന്ന് സോറന്‍ രാജി വെച്ചുവെന്ന് അറിയിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് ഷിബു സോറന് അയച്ച കത്തില്‍ പാര്‍ട്ടി അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചതില്‍ സോറന്‍ നിരാശ അറിയിച്ചിരുന്നു.
‘എന്റെ കുടുംബത്തെപ്പോലെ ഞാന്‍ കണ്ടിരുന്ന ഈ പാര്‍ട്ടി വിട്ട് പോകേണ്ടിവരുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അതിലെനിക്ക് ഏറെ വേദനയുണ്ട്. എന്നിരുന്നാലും എനിക്ക് ഒരു കാര്യം പറഞ്ഞെ തീരൂ, പാര്‍ട്ടി അതിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നെല്ലാം വ്യതിചലിച്ചു,’ ഷിബു സോറന് അയച്ച കത്തില്‍ ഹേമന്ത് സോറന്‍ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സോറന്റെ പാര്‍ട്ടി പ്രവേശനം ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ, കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സോറന്റെ പാര്‍ട്ടി പ്രവേശനം.
ആദിവാസി നേതാവായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ചമ്പായ് സോറന്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഏഴ് തവണ നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രിയായ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തപ്പോള്‍ ചമ്പായ് സോറന്‍ താത്കാലിക മുഖ്യമന്ത്രിയായി ചുമതലയേറ്റു.
എന്നാല്‍ ഹേമന്ത് സോറന്‍ ജയിലില്‍ നിന്ന് പുറത്ത് വന്നതോടെ ചമ്പായ് സോറന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുകയായിരുന്നു. ഈ തീരുമാനത്തില്‍ ചമ്പായ് സോറന് അതൃപ്തി ഉണ്ടായിരുന്നതായും ഇതാണ് കൂറുമാറ്റത്തിലേക്ക് നയിച്ചതുമെന്നാണ് സൂചന.
അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വാ ശര്‍മ ചമ്പായ് സോറന്റെ ഭരണമികവിനെ പ്രശംസിച്ച് രംഗത്തെത്തിയതോടെ അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആരംഭിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് ചെയ്യാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ വെറും ആറ് മാസം കൊണ്ട് സോറന്‍ ചെയ്തെന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ഹിമന്തയുടെ ഈ പരാമര്‍ശം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.
ഇതിന് പുറമെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശിന്റെ പരാമര്‍ശവും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.’ചമ്പായ് സോറന്‍ സമര്‍ത്ഥനായ ഒരു മുഖ്യമന്ത്രിയായിരുന്നു. ജാര്‍ഖണ്ഡിലെ 3.5 കോടി വരുന്ന ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ വളരെ സന്തോഷവാന്മാരായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. അങ്ങനെ ചെയ്യാന്‍ മാത്രം അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്? ദീപക് പ്രകാശ് ചോദിച്ചു.
ജെ.എം.എം ഉപേക്ഷിച്ച സോറന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും ഒടുവില്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. ഇതോടെ വോട്ടര്‍മാരില്‍ 26 ശതമാനത്തോളം വരുന്ന പട്ടിക വര്‍ഗക്കാരുള്ള ജാര്‍ഖണ്ഡിലെ ഗോത്രമേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പിക്ക് എളുപ്പം സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlight: Former Jharkhand CM Champai Soren joins BJP