ഷെയ്ഖ് ഹസീന ബംഗ്ലാദേശിന് മാത്രമല്ല എല്ലാ ഏകാധിപതികള്‍ക്കും പാഠം: ഫാറൂഖ് അബ്ദുള്ള
national news
ഷെയ്ഖ് ഹസീന ബംഗ്ലാദേശിന് മാത്രമല്ല എല്ലാ ഏകാധിപതികള്‍ക്കും പാഠം: ഫാറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 9:13 pm

ന്യൂദല്‍ഹി: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന ജനരോഷം നേരിടുന്ന എല്ലാ ഏകാധിപതികള്‍ക്കും പാഠമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ലോകത്താകമാനം മുസ്‌ലിങ്ങൾക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലകൊള്ളുന്നതില്‍ ഹസീന പരാജയപ്പെട്ടെന്നും അതിന്റെ ഫലമായാണ് അവര്‍ക്ക് ജീവനും കൊണ്ടോടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം കൈവരിച്ച മുന്നേറ്റം ഏകാധിപത്യത്തിനെതിരായ വിജയമാണെന്ന് പറഞ്ഞ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

‘ബംഗ്ലാദേശിലെ സൈന്യത്തിനോ ഭരണകൂടത്തിനോ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു മുന്നേറ്റത്തിനാണ് വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ചത്. അതിനാല്‍ ഇത് ഒരു പാഠമാണ്, ബംഗ്ലാദേശിന് മാത്രമല്ല. എല്ലാ ഏകാധിപതികള്‍ക്കും,’ എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ലോകത്ത് മുസ്‌ലിങ്ങൾക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തണമെന്ന് ഒരു തോന്നല്‍ ഉയര്‍ന്നിരുന്നു. ഒരുപക്ഷെ ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടില്ലായിരുന്നെങ്കില്‍ അവരും കൊല്ലപ്പെട്ടേനെയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

സൈന്യത്തിന്റെ ആജ്ഞ പ്രകാരം രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രെഹാനെയും നിലവില്‍ ഇന്ത്യയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുന്നത് വരെ ഹസീന ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹസീന രാജിവെച്ചതിനെ തുടര്‍ന്ന് അവരുടെ ബംഗ്ലാവും ആഭ്യന്തര മന്ത്രി, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വീടിനും കലാപകാരികള്‍ തീയിട്ടിരുന്നു.

അതേസമയം ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികമായ ഇന്നലെ (തിങ്കളാഴ്ച) കശ്മീരിലൊന്നാകെ സൈന്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി ഫാറൂഖ് അബ്ദുള്ളയുടെ വീടും നിരീക്ഷണത്തിലായിരുന്നു. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി, അപ്നി പാര്‍ട്ടി നേതാവ് അല്‍ത്താഫ് ബുഖാരി എന്നിവര്‍ വീട്ടുതടങ്കലിലാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Content Highlight: Former Jammu and Kashmir Chief Minister Farooq Abdullah says Sheikh Hasina is a lesson for all dictators facing public anger