Trending
ഇറാനെ തകര്‍ക്കാന്‍ അമേരിക്ക ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഇറാനിലെ ആ ആക്രമണങ്ങള്‍ എന്റെ നിര്‍ദേശപ്രകാരം: നെഫ്താലി ബെന്നറ്റ്
ന്യൂയോര്‍ക്ക്: ഇറാനെ തകര്‍ക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തില്‍ ഇറാന്‍ നേതാവിന്റെ കൊലപാതകത്തിലും ഇറാനിലെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഇസ്രഈലാണെന്ന് നെഫ്താലി ബെന്നറ്റ് സമ്മതിക്കുന്നുണ്ട്.
ഇറാനുമായി പ്രത്യക്ഷമായ യുദ്ധത്തിന് ആഹ്വാനം ചെയ്യാതെ ഇറാനെ തകര്‍ക്കുന്നതിന് യു.എസ് ഇസ്രഈലിന് സഹായം നല്‍കണമെന്നാണ് ലേഖനത്തില്‍ ബെന്നറ്റ് ആവശ്യപ്പെടുന്നത്. ഇറാനെ ദുഷ്ട സാമ്രാജ്യം എന്നാണ് ബെന്നറ്റ് വിശേഷിപ്പിച്ചത്.
മേഖലയില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്ന, സ്വതന്ത്രവും ശക്തവുമായ ജനാധിപത്യ രാജ്യമാണ് ഇസ്രഈല്‍ എന്നും എന്നാല്‍ മധ്യപൂര്‍വേഷ്യയിലെ മിക്ക പ്രശ്‌നങ്ങളുടെയും കേന്ദ്രം ഇറാന്‍ ആണെന്നും ലേഖനത്തില്‍ ബെന്നറ്റ് കുറ്റപ്പെടുത്തുന്നു.
‘ഇറാനെ ദുര്‍ബലപ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആഭ്യന്തര തലത്തില്‍ പ്രതിപക്ഷത്തെ ശാക്തീകരിക്കുക, ഭരണകൂടത്തിനെതിരായ കലാപങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുക, ശത്രുക്കളെ ശക്തിപ്പെടുത്തുക, ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും വര്‍ധിപ്പിക്കുക, എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ എല്ലാം ഉറപ്പാക്കാന്‍ ഇസ്രഈലിന് അമേരിക്കയെ ആവശ്യമാണ്’ ബെന്നറ്റ് ലേഖനത്തില്‍ പറയുന്നു.
ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ യു.എസിന്റെ സഹായം ആവശ്യപ്പെടുന്നതിന് പുറമെ ഇസ്രഈല്‍ ഇതുവരെ ഔദ്യോഗികമായി ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന രണ്ട് ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൂടി ബെന്നറ്റ് ലേഖത്തില്‍ ഏറ്റെടുക്കുന്നുണ്ട്.
2022-ല്‍ രണ്ട് തവണയായി ഇറാനെ ആക്രമിക്കാന്‍ താന്‍ ഇസ്രഈലിന്റെ സുരക്ഷാ സേനയോട് നിര്‍ദ്ദേശിച്ചതായി ബെന്നറ്റ് വെളിപ്പെടുത്തി.
തന്റെ കാലയളവില്‍ ഇസ്രഈല്‍ ആദ്യമായി ഇറാനെ ആക്രമിച്ചത് 2022 ഫെബ്രുവരിയില്‍ ആണെന്നാണ് ബെന്നറ്റ് ലേഖനത്തില്‍ പറയുന്നത്. ഇസ്രഈലിനെതിരെ ഇറാന്‍ നടത്തിയ രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനിലെ യു.എ.വി ബേസിനെതിരെ ഇസ്രഈല്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് ബെന്നറ്റ് പറയുന്നത്.
രണ്ടാമതായി ഇറാനെ ആക്രമിക്കുന്നത് 2022 മാര്‍ച്ചിലാണെന്നാണ് ബെന്നറ്റ് ലേഖനത്തില്‍ തുറന്നു പറയുന്നത്.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഉദ്യോഗസ്ഥനായ ഹസ്സന്‍ സയ്യദ് ഖോദായിയെ വധിക്കാന്‍ സുരക്ഷാ സേനയ്ക്ക് താന്‍ അനുമതി നല്‍കിയിരുന്നെന്നാണ് ബെന്നറ്റ് പറയുന്നത്.
തുര്‍ക്കിയിലെ ഇസ്രഈലി വിനോദസഞ്ചാരികളെ കൊല്ലാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നെന്നും ബെന്നറ്റ് ആരോപിക്കുന്നുണ്ട്.
‘2022 മാര്‍ച്ചില്‍, ഇറാന്റെ ഭീകര വിഭാഗം തുര്‍ക്കിയിലെ ഇസ്രഈലി വിനോദസഞ്ചാരികളെ കൊല്ലാന്‍ ശ്രമിച്ചു, പക്ഷേ ആ നീക്കം പരാജയപ്പെട്ടു. തൊട്ടുപിന്നാലെ, ആ യൂണിറ്റിന്റെ കമാന്‍ഡര്‍ ടെഹ്റാന്റെ മധ്യഭാഗത്ത് വെച്ച് വധിക്കപ്പെട്ടു.’
ഇറാനെതിരെ നിഴല്‍ യുദ്ധം നടത്താതെ അവരെ നേരിട്ട് നേരിടാനുള്ള തന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ബെന്നറ്റ് അവകാശപ്പെട്ടു.
2022 മാര്‍ച്ചില്‍, ഇറാനെതിരെ നടന്ന വ്യോമാക്രമണത്തിന് പിന്നില്‍ ഇസ്രഈലാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രഈല്‍ ഏറ്റെടുത്തിരുന്നില്ല.
2022 മാര്‍ച്ചില്‍ ഇറാഖിന്റെ അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിസ്ഥാന്‍ മേഖലയുടെ തലസ്ഥാനമായ എര്‍ബിലിനെ ലക്ഷ്യമാക്കി
ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നിരുന്നെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെന്നും എര്‍ബിലിലെ മൊസാദ് സൈറ്റുകളെയായിരുന്നു മിസൈലുകള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും ബെന്നറ്റ് ആരോപിച്ചു.
ഫെബ്രുവരിയില്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ നഗരമായ ടാബ്രിസിലെ ഒരു ഡ്രോണ്‍ ഫാക്ടറിക്ക് നേരെ ആക്രമണം നടന്നിരുന്നെന്നും അതിനുള്ള പ്രതികരണമായിരുന്നു ഈ ആക്രമണമെന്നും ഇറാനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആ സമയത്ത് തങ്ങളോട് പ്രതികരിച്ചിരുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വര്‍ഷങ്ങളായി, ഇറാനില്‍ നടക്കുന്ന നിരവധി ആക്രമണങ്ങളില്‍ ഇസ്രഈലിന് ബന്ധമുണ്ട്. പ്രധാനമായും രാജ്യത്തെ ആണവ നിലയങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നത്. എന്നാല്‍ പല ആക്രമണങ്ങളിലും തങ്ങള്‍ക്കുള്ള പങ്ക് തുറന്നുപറയാന്‍ ഇസ്രഈല്‍ തയ്യാറായിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍, ഇസ്ഫഹാന്‍ നഗരത്തില്‍ ഒരു വലിയ സ്‌ഫോടനം നടന്നതായി ഇറാന്‍ അറിയിച്ചിരുന്നു.
സെന്‍ട്രല്‍ സിറ്റിയിലെ ഒരു സൈനിക പ്ലാന്റിനെ ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണമെന്നും എന്നാല്‍ ആ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
ആരാണ് പ്ലാന്റിനെതിരെ ആക്രമണം നടത്തിയതെന്ന് ഇറാന്‍ പറഞ്ഞിരുന്നില്ല. എന്നിരുന്നാലും ഇറാനില്‍ ഉടനീളമുള്ള വ്യാവസായിക, സൈനിക, ആണവ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന സ്‌ഫോടനങ്ങളിലും തീപിടുത്തങ്ങളിലും ഈസ്രഈലിന് പങ്കുള്ളതായി ഇറാന് വ്യക്തമാണ്.
Content Highlight: Former Israeli Prime Minister Naftali Bennett calls on US to bring down Iran