| Monday, 30th March 2015, 7:30 pm

അഴിമതി: മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിനെതിരെ കോടതി വിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: അഴിമതിക്കേസില്‍ മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് കുറ്റക്കാരനെന്ന് ഇസ്രഈല്‍ കോടതി. അമേരിക്കന്‍ ബിസിനസുകാരനില്‍ നിന്നും അവിഹിതമായി പണം കൈപറ്റിയതിനാണ് അദ്ദേഹത്തിനെതിരെ കോടതി വിധി.

നേരത്തെ 2012ല്‍ തീര്‍പ്പാക്കിയ കേസില്‍ പുനര്‍ വിചാരണ നടത്തിയപ്പോഴാണ് ഒല്‍മെര്‍ട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഷുല സാക്കെന്‍ ഹാജരാക്കിയ ശബ്ദരേഖയാണ് കേസില്‍ വീണ്ടും വിചാരണ സാധ്യമാക്കിയത്. പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ സംഭാഷണങ്ങളായിരുന്നു ടേപ്പിലുണ്ടായിരുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് ഒല്‍മെര്‍ട്ടിനെതിരായുള്ള രണ്ടാമത്തെ കേസാണിത്. ഭൂമി ഇടപാടില്‍ അഴിമതി നടത്തിയതിന് കഴിഞ്ഞ മെയില്‍ അദ്ദേഹത്തെ തെല്‍അവീവ് കോടതി ആറുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് കൂടാതെ  3,00,000 യു.എസ് ഡോളര്‍ പിഴ അടക്കാനും കോടതി വിധിച്ചിരുന്നു. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഒല്‍മര്‍ട്ട്. കേസില്‍ മെയ് അഞ്ചിനാണ് കോടതി വിധി പറയുക.

ഇസ്രഈലിന്റെ ചരിത്രത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് 69 കാരനായ ഒല്‍മെര്‍ട്ട്. അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ 2008ലായിരുന്നു ഒല്‍മര്‍ട്ട് പ്രധാനമന്ത്രി പദം ഒഴിഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more