| Saturday, 26th October 2024, 10:31 pm

'സയണിസ്റ്റുകളെ അഭയാര്‍ത്ഥി ക്യാമ്പുകളിൽ ജീവിക്കാന്‍ പഠിച്ചോളൂ'; ഇസ്രഈലിന് ഇറാൻ എം.പിയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രഈലികള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ ഐ.ആര്‍.ജി.സി (ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്) കമാന്‍ഡര്‍. ഇസ്രഈലികള്‍ ഷെല്‍ട്ടറുകളില്‍ താമസിക്കാന്‍ പരിശീലിക്കണമെന്നാണ് എം.പി കൂടിയായ മുന്‍ കമാന്‍ഡര്‍ ഇസ്മായില്‍ കൗസാരിയുടെ നിര്‍ദേശം.

‘സയണിസ്റ്റുകള്‍ക്ക് ഒരു ഉപദേശം നല്‍കാം, അഭയകേന്ദ്രങ്ങളില്‍ ജീവിക്കാന്‍ പഠിച്ചോളൂ,’ എന്നും മുന്‍ ഐ.ആര്‍.ജി.സി കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ പ്രാദേശിക അഖണ്ഡത ലംഘിച്ചതിന് ഇസ്രഈല്‍ നഷ്ടപരിഹാരം നല്‍കണമെന്നും കൗസാരി പറഞ്ഞു. തങ്ങളുടെ രാജ്യതാത്പര്യങ്ങള്‍ക്ക് അനുസൃതമായി ഇസ്രഈലിനെതിരെ എല്ലാം വശങ്ങളിലും പ്രതികരണമുണ്ടാകുമെന്നും കൗസാരി അറിയിച്ചു.

ടെഹ്റാനിലെ സുരക്ഷാ ചുമതലയുള്ള ഐ.ആര്‍.ജി.സി യൂണിറ്റായ തരല്ല ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു കൗസാരി. പിന്നാലെ എം.പിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ടെഹ്‌റാനിലും അയല്‍ നഗരമായ കരാജിലും സ്‌ഫോടനമുണ്ടായി.

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ തിരിച്ചടിക്കില്ലെന്ന് കരുതേണ്ടെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ ഒന്നിന് 400ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ഇസ്രഈലിനെ ആക്രമിച്ചിരുന്നു. എന്നാല്‍ അന്നത്തെ ആക്രമണത്തില്‍ ആളപായമൊന്നുംറിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഈ ആക്രമണത്തില്‍ പ്രതികരിക്കുമെന്ന് ഇസ്രഈല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഇസ്രഈല്‍ ഇറാന് നേരെ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. രണ്ടാമത്തെ ആക്രമണത്തില്‍ നാല് ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാനെതിരായ ഇസ്രഈലിന്റെ ആക്രമണം സ്വയരക്ഷയുടെ ഭാഗമാണെന്ന് അമേരിക്ക പ്രതികരിച്ചു. ഇറാനെ ആക്രമിക്കുമെന്ന വിവരം ഐ.ഡി.എഫ് അമേരിക്ക അറിയിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇറാനെതിരായ ആക്രമണത്തില്‍ യു.എസ് പങ്കാളികളായിട്ടില്ല.

ഇറാന്റെ ‘പരമാധികാര’ത്തിനെതിരായ ആക്രമണത്തെ സൗദി അറേബ്യയും യു.എ.ഇയും ഒമാനും അപലപിച്ചതോടെ ആക്രമണങ്ങള്‍ പൂര്‍ത്തിയായെന്ന് ഇസ്രഈലും പ്രതികരിച്ചിട്ടുണ്ട്.

Content Highlight: Former IRGC Commander’s Warning to Israel

We use cookies to give you the best possible experience. Learn more