| Wednesday, 4th January 2023, 8:17 am

ദല്‍ഹി സംഭവം തെളിയിക്കുന്നത് മൂന്ന് കാര്യങ്ങള്‍; യുവതി കാറിടിച്ച് കൊല്ലപ്പെട്ടതില്‍ കിരണ്‍ ബേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി.

ദല്‍ഹിയില്‍ 20കാരി കൊല്ലപ്പെട്ട സംഭവം വിരല്‍ചൂണ്ടുന്നത് മൂന്ന് കാര്യങ്ങളിലേക്കാണ് എന്നാണ് കിരണ്‍ ബേദി അക്കമിട്ട് പറയുന്നത്. പൊലീസ് റെസ്‌പോണ്‍സ് സിസ്റ്റത്തിലുണ്ടാകുന്ന കാലതാമസം, പൊതുജനങ്ങള്‍ക്കിടയില്‍ നിയമസംവിധാനത്തോട് ഭയമില്ലാതിരിക്കുക, സിവിക് ഏജന്‍സികളുമായി പൊലീസിന് സംയോജനമില്ലാതിരിക്കുക എന്നീ കാര്യങ്ങളാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ടുവരുന്നതെന്നാണ് കിരണ്‍ ബേദി പറയുന്നത്.

നേരത്തെ സംഭവത്തില്‍ പ്രതികരിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിതെന്നും കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

‘ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് കുറച്ച് ചെറുപ്പക്കാര്‍ക്ക്, പൊലീസിന്റെ കണ്ണില്‍ പെടാതെ, ഒരു യുവതിയെ കാറില്‍ ഇത്രയും കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകാന്‍ കഴിയുന്നത്. കുറ്റക്കാര്‍, ഇനി എത്ര വലിയ സ്വാധീനമുള്ളയാളുകളായാലും അവര്‍ക്കെതിരെ കനത്ത ശിക്ഷയുണ്ടാകണം.

ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണ്. ഇത്തരക്കാരെ തൂക്കിക്കൊന്നേ തീരു, വധശിക്ഷ തന്നെ നടപ്പാക്കണം. ഇത് ആര്‍ക്കും സംഭവിക്കാം, ഏതൊരു സഹോദരിക്കും മകള്‍ക്കും മരുമകള്‍ക്കും സംഭവിക്കാം.

ഇതിലെ കുറ്റക്കാര്‍ ഒരുപക്ഷെ വലിയ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവരായിരിക്കാം. പക്ഷെ കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാനായി നമ്മളെല്ലാവരും ഒന്നിച്ച് നിന്ന് പോരാടണം,’ എന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

ന്യൂദല്‍ഹിയിലെ ലാഡ്പൂരിലായിരുന്നു ഞായറാഴ്ച അതിദാരുണമായ സംഭവം നടന്നത്. കാഞ്ജവാല (Kanjhawala) റോഡില്‍ ബേക്കറി നടത്തുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ജനുവരി ഒന്നിന് പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മാരുതി ബെലേനൊ കാറിടിച്ചത്. അഞ്ച് യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നു.

സ്‌കൂട്ടറില്‍ നിന്നും വീണ യുവതിയുടെ കാലുകള്‍ കാറിന്റെ ടയറില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ യുവാക്കള്‍ കാര്‍ നിര്‍ത്താതെ ഏകദേശം ഏഴ് കിലോമീറ്ററോളം ഓടിച്ചുപോയി.

കാറിലുണ്ടായിരുന്ന ദീപക് ഖന്ന, മനോജ് മിതതല്‍, അമിത് ഖന്ന, മിഥുന്‍, കിഷന്‍ എന്നീ അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. പാര്‍ലമെന്റിലും വിഷയം ചര്‍ച്ചയായിരുന്നു.

അതിനിടെ കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുമ്പ് വരെ യുവതിക്കൊപ്പം ഒരു പെണ്‍ സുഹൃത്തും ഉണ്ടായിരുന്നെന്നും ഇവര്‍ തമ്മില്‍ വഴക്ക് കൂടിയിരുന്നെന്നും തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്.

Content Highlight: Former IPS officer Kiran Bedi lists three things emerge from the Delhi car dragging case

We use cookies to give you the best possible experience. Learn more