ന്യൂദല്‍ഹി: ഫിറോസ് ഷാ കോട്ലാ മൈതാനത്ത് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗത്വം രാജിവെച്ച മുന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിംഗ് ബേദി നിയമനടപടിക്കൊരുങ്ങുന്നു. തന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യം എത്രയും വേഗം നടപ്പാക്കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ബേദി ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും അരുണ്‍ ജെയ്റ്റ്ലിയുടെ മകനുമായ രോഹന്‍ ജെയ്റ്റ്ലിയ്ക്ക് ് ബേദി കത്തയച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും കാണാതായതോടെയാണ് ബേദി വീണ്ടും കത്തയച്ചിരിക്കുന്നത്.
‘നിങ്ങള്‍ക്ക് ഞാന്‍ കത്തയച്ചിട്ട് ഇപ്പോള്‍ കുറച്ചു ദിവസം പിന്നിട്ടിരിക്കുന്നു. ആദ്യ കത്ത് പുറത്തുവന്നപ്പോള്‍ തന്നെ ലോകം മുഴുവനുമുള്ള ക്രിക്കറ്റ് കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് എനിക്ക് ലഭിച്ചത്. പക്ഷെ നിങ്ങളുടെ ഭാഗത്തു നിന്നുമാത്രം ഒരു പ്രതികരണവുമുണ്ടായില്ലെന്നത് ഖേദകരമാണ്.’ ബേദിയുടെ പുതിയ കത്തില്‍ പറയുന്നു.
ഈ രാജ്യത്ത് ഏത് കാര്യത്തിനൊപ്പമാണ് സ്വന്തം പേര് വരേണ്ടതെന്നും എവിടെയാണ് തന്റെ നെയിം പ്ലേറ്റ് അഭിമാനത്തോടെ തൂക്കേണ്ടതെന്നും തീരുമാനിക്കാനുമുള്ള അവകാശം രാജ്യത്തെ ഓരോ വ്യക്തിക്കും ഇപ്പോഴുമുണ്ടെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് നിയമത്തിന്റെ വഴി സ്വീകരിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കരുതെന്നും ബേദി കൂട്ടിച്ചേര്‍ത്തു.
രോഹന്‍ ജെയ്റ്റ്‌ലി മറുപടി തരാതിരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച ബേദി കുടുംബപ്പേര് കൊണ്ടു മാത്രമാണ് രോഹന്‍ ആ സ്ഥാനത്തിരിക്കുന്നതെന്നും അതുകൊണ്ടാണ് എന്തു സംഭവിച്ചാലും കുടുംബക്കാരുടെ പേര് വളര്‍ത്താന്‍ നോക്കുന്നതെന്നും ബേദി പറഞ്ഞു.
തിങ്കളാഴ്ചയാണ് അരുണ്‍ ജെയ്റ്റലിയുടെ പ്രതിമയുടെ അനാച്ഛാദനം നടക്കുക. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനുമുന്‍പ് തന്റെ പേര് സ്റ്റേഡിയത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ബേദി ആവശ്യപ്പെട്ടു.
‘വേണ്ട, ഒരു നാണക്കേടും തോന്നാതെ അരുണ്‍ ജെയ്റ്റലിയുടെ പ്രതിമ സ്ഥാപിക്കുന്നിടത്ത് എന്റെ പേര് സ്റ്റാന്‍ഡില്‍ വേണ്ട.’ ബേദി പറയുന്നു.
നേരത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു ബേദി രംഗത്തെത്തിയിരുന്നത്. ഡി.ഡി.സി.എയുടെ സംസ്‌കാരം കുടുംബവാഴ്ചയായി മാറിയിരിക്കുന്നുവെന്നും ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ ക്രിക്കറ്റ് താരങ്ങളേക്കാള്‍ പ്രാമുഖ്യമുള്ളവരായി മാറുന്ന കാഴ്ചയാണ് അസോസിയേഷനിലെന്നും ബേദി പറഞ്ഞിരുന്നു.
1999 മുതല്‍ 2003 വരെ 14 വര്‍ഷം അരുണ്‍ ജെയ്റ്റ്ലി ഡി.ഡി.സി.എ പ്രസിഡണ്ടായിരുന്നു. എന്നാല്‍ ഇക്കാലമത്രയും സ്ഥാപിത താത്പര്യത്തിന് പുറത്തായിരുന്നു ക്രിക്കറ്റ് ഭരണമെന്ന് ബേദി ആരോപിച്ചു.
‘അതില്‍ പ്രതിഷേധിച്ച് പലവട്ടം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഒട്ടും മാതൃകയാകാത്ത ഒരു ഭരണകര്‍ത്താവിന്റെ പ്രതിമ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിക്കുന്നതിനെ എതിര്‍ക്കുക തന്നെ ചെയ്യും’, ബിഷന്‍ സിംഗ് ബേദി പറഞ്ഞു.
ലോര്‍ഡ്‌സില്‍ ഡബ്ല്യു.ജെ ഗ്രേസ്, ഓവലില്‍ സര്‍ ജാക്ക് ഹോബ്‌സ്, സിഡ്‌നിയില്‍ ബ്രാഡ്മാന്‍, ബാര്‍ഡഡോസില്‍ ഗാരി സോബേഴ്‌സ്, എം.സി.ജിയില്‍ ഷെയിന്‍ വോണ്‍ എന്നിവരുടെ പ്രതിമകള്‍ കാണാം. അത് ക്രിക്കറ്റിന്റെ സ്പിരിറ്റ് എക്കാലവും നിര്‍ത്താന്‍ ഉപകരിക്കും. സ്‌പോര്‍ട്ടിംഗ് അറീനകള്‍ സ്‌പോര്‍ട്‌സിലെ റോള്‍ മോഡല്‍സിനുള്ളതാണ്. ഭരണകര്‍ത്താക്കളുടെ സ്ഥാനം ഗ്ലാസ് കാബിനുള്ളിലാണ് ബേദി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക