ഇന്ത്യ കണ്ട എക്കാലത്തേയും ഇതിഹാസ താരമാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിലും നിരവധി സീരീസ് ടൂര്‍ണമെന്റ് വിജയത്തിലും നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.
ഐ.പി.എല്ലിലും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. ആദ്യ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിട്ടായിരുന്നു ഐ.പി.എല്ലില്‍ യുവിയുടെ അരങ്ങേറ്റം. പിന്നീട് പൂനെ വാറിയേഴ്‌സ് അടക്കമുള്ള ടീമുകളുടെ ഭാഗമായെങ്കിലും ഐ.പി.എല്‍ കിരീടം നേടാന്‍ താരത്തിനായിരുന്നില്ല.
ഇപ്പോഴിതാ, ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് യുവരാജ്. പന്ത് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണെന്നും ഭാവിയിലെ ഇതിഹാസമാണെന്നുമാണ് താരം പറയുന്നത്.
സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ കുറിച്ചാണ് പറയുന്നതെങ്കില്‍, റിഷബ് പന്ത് ഭാവിയിലെ ഇതിഹാസമാവും,’ യുവരാജ് പറഞ്ഞു.
ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റന്‍സിന്റെ നായകനായ പന്തിന് തന്റെ മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ല. ഇതുവരെ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും 188 റണ്‍സാണ് പന്ത് ഇതുവരെ നേടിയത്.
37.6 എന്ന ആവറേജിലാണ് താരം 188 റണ്‍സ് നേടിയിരിക്കുന്നത്.
മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ചില ചീത്തപ്പേരുകളും പന്ത് ഈ സീസണില്‍ കേള്‍പ്പിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സുമായി നടന്ന മത്സരത്തിനിടെ നോ ബോള്‍ വിളിച്ചില്ലെന്ന പേരില്‍ മത്സരം അവസാനിപ്പിച്ച് തിരികെ വരാന്‍ സഹതാരങ്ങളോട് പറയുകയും ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പന്തിന് പിഴയൊടുക്കേണ്ടതായും വന്നിരുന്നു.
എന്നാല്‍, ഇതൊക്കെ കാറ്റില്‍ പറത്തി പഴയ ഫോമിലേക്ക് പന്ത് മടങ്ങിവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ഏഴാം സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്.