| Saturday, 7th May 2022, 4:23 pm

ബൗളര്‍മാരെ കെണിയില്‍പ്പെടുത്തേണ്ടെതെങ്ങനെയെന്ന് അവന് കൃത്യമായി അറിയാം, അതു തന്നെയാണ് അവന്‍ ചെയ്തുകൊണ്ടിരിക്കുന്നതും; യുവ ക്യാപ്റ്റനെ പുകഴ്ത്തി റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച താരമാണ് സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നായിരുന്ന റെയ്‌ന, ടീമിന്റെ നാല് കിരീടധാരണത്തിലും മികച്ച പങ്കായിരുന്നു വഹിച്ചത്.

ഇപ്പോഴിതാ, ഐ.പി.എല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകന്‍ കെ. എല്‍. രാഹുലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് റെയ്‌ന. രാഹുലിപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച കാലത്തിലാണെന്നും റെയ്‌ന പറയുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവില്‍ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു റെയ്‌ന ഇക്കാര്യം പറഞ്ഞത്.

‘കെ.എല്‍. രാഹുല്‍ മികച്ച മൈന്‍ഡ് സെറ്റിലാണ് ഇപ്പോള്‍, പോസിറ്റീവായാണ് അവന്‍ കളിക്കാനിറങ്ങുന്നത്. അവന്‍ ചില മികച്ച ഷോട്ടുകള്‍ കളിക്കുമ്പോള്‍ എനിക്ക് മനസിലാവുന്നത് അവന്റെ കരിയറിലെ തന്നെ മികച്ച കാലത്തിലൂടെയാണ് കടന്നുപോവുന്നതെന്നാണ്.

ബാറ്റിംഗില്‍ പുതിയ ചില കാര്യങ്ങള്‍ കൊണ്ടുവരാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. ബൗളര്‍മാരുടെ മനസിനെ വരുതിയിലാക്കാന്‍ അവന്‍ കഴിയും. മികച്ച മൈന്‍ഡ് ഗെയിം നടത്തി ബൗളര്‍മാരെ കെണിയിലാക്കാനാണ് അവന്‍ ശ്രമിക്കുന്നത്.

തന്റെ സ്‌ട്രോംഗ് ഏരിയയിലേക്ക് തന്നെ പന്തെറിയാന്‍ അവന്‍ ബൗളര്‍മാരെ നിര്‍ബന്ധിതരാക്കുന്നു, അതുവഴി മികച്ച ഇന്നിംഗ്‌സും അവന്‍ കെട്ടിപ്പടുക്കുന്നു. അവന്റെ ബാറ്റിംഗ് രീതിയെ അഭിനന്ദിച്ചേ മതിയാവൂ,’ റെയ്‌ന പറയുന്നു.

നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനാണ് രാഹുല്‍. പത്ത് മത്സരത്തില്‍ നിന്നും 2 സെഞ്ച്വറിയുള്‍പ്പടെ 451 റണ്‍സാണ് താരം നേടിയത്.

രാഹുല്‍ അടക്കമുള്ള താരങ്ങളുടെ ബലത്തില്‍ പ്ലേ ഓഫിലേക്കുള്ള യാത്രയില്‍ മുന്നില്‍ തന്നെയാണ് സൂപ്പര്‍ ജയന്റ്‌സ്. 10 മത്സരത്തില്‍ നിന്നും 7 ജയവും 3 തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ലഖ്‌നൗ.

Content Highlight: Former Indian superstar Suresh Raina praises KL Rahul
We use cookies to give you the best possible experience. Learn more