സഞ്ജൂ, നീ ഇനിയെങ്കിലും ഈഗോ മാറ്റിവെച്ച് ഉത്തരവാദിത്തം കാണിക്കൂ; രാജസ്ഥാന്‍ ക്യാപ്റ്റനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
IPL
സഞ്ജൂ, നീ ഇനിയെങ്കിലും ഈഗോ മാറ്റിവെച്ച് ഉത്തരവാദിത്തം കാണിക്കൂ; രാജസ്ഥാന്‍ ക്യാപ്റ്റനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd May 2022, 5:59 pm

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സഞ്ജു ബാറ്റിംഗില്‍ ഇനിയും ഉത്തരവാദിത്തം കാണിക്കണമെന്നും താരത്തിന്റെ ഈഗോ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചോപ്ര പറയുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ ആര്‍ച്ച് റൈവലായ വാനിന്ദു ഹസരങ്കയ്‌ക്കെതിരെ റിവേഴ്‌സ് സ്വീപ് കളിച്ചാണ് താരം ഔട്ടായത്.

അതുപോലെ, മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ കുമാര്‍ കാര്‍ത്തികേയയ്‌ക്കെതിരെ അപ്പര്‍ കട്ടിന് ശ്രമിച്ചായിരുന്നു താരം മടങ്ങിയത്. സഞ്ജുവിന്റെ ഈഗോ കാരണമാണ് താരം ഇങ്ങനെയുള്ള ഷോട്ടുകള്‍ കളിക്കുന്നതെന്നും പുറത്താവുന്നതെന്നും ചോപ്ര പറയുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ കൊല്‍ക്കത്ത – രാജസ്ഥാന്‍ മത്സരത്തിന് മുന്നോടിയായുള്ള പ്രീവ്യൂയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സഞ്ജു സാംസണ്‍, നിങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തബോധത്തോടെ കളിക്കണം. വാനിന്ദു ഹസരങ്കയെ പോലുള്ള ബൗളര്‍മാരാണ് നിങ്ങളെ ഔട്ടാക്കുന്നത്. നിന്റെ ഈഗോ നിന്നേക്കാള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിന് പിറകെ ഒന്നായി സിക്‌സറടിച്ച് നീ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. നീ സ്വയം അല്‍പം സമയം നല്‍കണം,’ ചോപ്ര പറയുന്നു.

കഴിഞ്ഞ മത്സരത്തില്‍ മികച്ച ഷോട്ടുകളുമായി ക്രീസില്‍ നില്‍ക്കെയായിരുന്നു അനാവശ്യ അപ്പര്‍ കട്ടിന് ശ്രമിച്ച് സഞ്ജു പുറത്താവുന്നത്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജു കുറച്ചുകൂടി സ്റ്റാന്‍ഡ് ചെയ്ത് കളിച്ചിരുന്നുവെങ്കില്‍ മുംബൈയ്‌ക്കെതിരെ മികച്ച സ്‌കോര്‍ തന്നെ പടുത്തുയര്‍ത്താന്‍ സാധിക്കുമായിരുന്നു.

ഇതുവരെ 30.50 ശരാശരിയില്‍ 224 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ഒരു അര്‍ധ സെഞ്ച്വറിയടക്കമാണ് താരം ഈ സ്‌കോര്‍ സ്വന്തമാക്കിയത്. 168.20 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുണ്ടായിരിക്കെയാണ് താരത്തിന്റെ ആവറേജ് ഇത്രയും കുറയുന്നത് എന്നതും വസ്തുതയാണ്.

കൊല്‍ക്കത്തയ്‌ക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. തിങ്കളാഴ്ച വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് കളി നടക്കുന്നത്. പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ രണ്ട് ജയം മാത്രം മതിയെന്നിരിക്കെ ഇനിയുള്ള എല്ലാ മത്സരവും ജയിച്ച് ആധികാരികമായി പ്ലേ ഓഫില്‍ കടക്കാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.

Content Highlight: Former Indian superstar Akash Chopra against Sanju Samson