കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറും ഓസീസ് ടി-20 ടീമിന്റെ നായകനുമായ ആരോണ്‍ ഫിഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ഈഗോയുമായിട്ടാണ് താരം ക്രീസിലെത്തുന്നതെന്നും ഒരു ലോകകപ്പ് വിന്നിംഗ് ക്യാപ്റ്റനില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പ്രകടനമല്ല പ്രതീക്ഷിക്കുന്നതെന്നും ചോപ്ര പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആകാശ് ചോപ്ര ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
‘ഈഗോയുമായാണ് ആരോണ്‍ ഫിഞ്ച് ബാറ്റ് ചെയ്യാനിറങ്ങുന്നത്. അതു കാരണമാണ് അപകടകരമായ ഇന്‍കമിംഗ് ബോളുകള്‍ ഇത്തരത്തില്‍ കളിക്കാന്‍ ശ്രമിക്കുന്നത്. ഇത് അവനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. ഒരു ലോകകപ്പ് വിന്നിംഗ് ക്യാപ്റ്റന് ഇതിലും നന്നായി കളിക്കാന്‍ സാധിക്കും,’ ചോപ്ര പറയുന്നു.
അജിന്‍ക്യ രഹാനെയ്ക്ക് പകരക്കാരനായെത്തി മൂന്ന് മത്സരമാണ് ഫിഞ്ച് കളിച്ചത്. മൂന്നില്‍ രണ്ട് മത്സരത്തിലും ഇന്‍സ്വിംഗിംഗ് പന്തുകളെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചായിരുന്നു താരത്തിന്റെ മടക്കം, ഇതില്‍ കാര്യമായി ഒന്നും ചെയ്യാനും ഫിഞ്ചിനായിരുന്നില്ല.
രാജസ്ഥാനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഫിഞ്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 28 പന്തില്‍ നിന്നും 58 റണ്‍സായിരുന്നു താരം നേടിയത്.
ട്രന്റ് ബോള്‍ട്ട് ഫോം ഔട്ടായതുകൊണ്ട് ഈ മത്സരത്തിലും താരം ഇന്‍കമിംഗ് ബോളുകള്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നും ചോപ്ര പറയുന്നു.
‘ഇരുവരും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഫിഞ്ച് റണ്ണടിച്ചിരുന്നു. അവന്‍ ഇന്‍കമിംഗ് ഡെലിവറികള്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. രാജസ്ഥാന് ട്രന്റ് ബോള്‍ട്ടാണ് ഇത്തരത്തില്‍ പന്തെറിയാനുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ബോള്‍ട്ടിന് ഫോം കണ്ടെത്താനാവുന്നില്ല,’ ചോപ്ര പറയുന്നു.
മികച്ച രീതിയില്‍ തുടങ്ങിയിട്ടും തുടരെ അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടാണ് കൊല്‍ക്കത്ത ഈ സീസണില്‍ ഉഴറുന്നത്. ബാറ്റിംഗ് നിരയില്‍ തുടര്‍ച്ചയായി വരുത്തുന്ന മാറ്റങ്ങള്‍ ടീമിന്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്.
ടീമില്‍ നിലനിര്‍ത്തിയ വെങ്കിടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ മോശം ഫോമും ടീമിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കെ.കെ. ആറിന് ഇതടക്കമുള്ള എല്ലാ മത്സരങ്ങളും ജയിക്കണം.
അതേസമയം, രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കാം. അതിനാല്‍ തന്നെ വരും മത്സരങ്ങള്‍ ജയിച്ച് ആധികാരികമായി തന്നെ പ്ലേ ഓഫില്‍ കടക്കാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.
Content Highlight: Former Indian superstar Akash Chopra against Kolkata Knight Riders star Aron Finch