| Tuesday, 21st June 2022, 10:45 pm

വെറുതെ പോയി ചൊറിയുക, പണി വാങ്ങിച്ചുകൂട്ടുക, നാണം കെടുക, റിപ്പീറ്റ്; ഇങ്ങനെ തേയാന്‍ മൈക്കല്‍ വോണിന്റെ ജീവിതം ഇനിയും ബാക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം മൈക്കല്‍ വോണിന്റെയും ഇന്ത്യന്‍ ലെജന്‍ഡ് വസീം ജാഫറിന്റെയും സോഷ്യല്‍ മീഡിയയിലെ യുദ്ധം ഏറെ പ്രസിദ്ധമാണ്. പരസ്പരം കൊണ്ടും കൊടുത്തും ഇരുവരും ആരാധകരെ രസിപ്പിക്കാറുമുണ്ട്.

എന്നാല്‍ പലപ്പോഴും ഇവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ട്രോളന്‍ വസീം ജാഫറിന് തന്നെയായിരിക്കും അപ്പര്‍ഹാന്‍ഡ്.

എപ്പോഴൊക്കെ ഇരുവരും കൊരുത്തിട്ടുണ്ടോ, അപ്പോഴൊക്കെ ഇംഗ്ലണ്ട് താരത്തിന്റെ വായടപ്പിച്ച മറുപടിയാണ് വസീം ജാഫര്‍ നല്‍കിയിട്ടുള്ളത്. ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് സീരീസില്‍ ആദ്യ ദിവസം തന്നെ 17 വിക്കറ്റ് വീണപ്പോള്‍ കാലങ്ങളായി ബാക്കിവെച്ച പ്രതികാരമായിരുന്നു വസീം ജാഫര്‍ ട്രോളി തീര്‍ത്തത്.

സമാനമായ സംഭവത്തിനാണ് ഇന്നും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം വസീം ജാഫര്‍ പങ്കുവെച്ച ഒരു ചിത്രമായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. ജാഫറിന്റെ ചിത്രത്തെ ട്രോളിയെത്തിയ വോണ്‍ സ്വപ്‌നത്തില്‍ പോലും ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചുകാണില്ല.

‘സൂര്യന്‍ തിളങ്ങുന്നു, മികച്ച കാലാവസ്ഥയും @ ഹോം ഓഫ് ക്രിക്കറ്റ്’ എന്ന കുറിപ്പോടെ വസീം ജാഫര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് വോണ്‍ മറുപടി നല്‍കിയിരുന്നു.

‘ഇതെന്റെ ആദ്യ ടെസ്റ്റ് വിക്കറ്റിന്റെ ഇരുപതാം വാര്‍ഷികമാണ്. നിങ്ങളെന്തിനാണ് ഇവിടെ വന്നത് വസീം?’ എന്നായിരുന്നു വോണ്‍ റീ ട്വീറ്റിലൂടെ ചോദിച്ചത്.

2002ല്‍ ലേര്‍ഡ്‌സില്‍ വെച്ച് വോണ്‍ ജാഫറിനെ പുറത്താക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് വോണ്‍ ജാഫറിനെ ചൊറിയാന്‍ പോയത്.

എന്നാല്‍ താനിവിടെ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കാനെത്തിയതാണ് എന്നായിരുന്നു ജാഫറിന്റെ മറുപടി. ഇന്ത്യന്‍ ടീമിന്റെ ചിത്രം പങ്കുവെച്ച് #EngvInd എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു താരം ചിത്രം പങ്കുവെച്ചത്.

ഇതോടെ ആരാധകര്‍ ഒന്നാകെ ഇരുവരുടെയും ട്വീറ്റുകള്‍ ആഘോഷമാക്കുകയായിരുന്നു.

അതേസമയം, വരാനിരിക്കുന്ന ടി-20 ലോകകപ്പിനെ കുറിച്ചും റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും ജാഫര്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങളും പങ്കുവെച്ചിരുന്നു.

‘നിങ്ങള്‍ അടുത്ത ടി20 ടീമിനെ തെരഞ്ഞെടുക്കുകയാണെങ്കില്‍, ഡി.കെ ഒരു സംശയവുമില്ലാതെ ഇലവനില്‍ തുടരുമെന്ന് ഞാന്‍ കരുതുന്നു. കെ.എല്‍. രാഹുല്‍ തിരിച്ചെത്തും, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരും ടീമില്‍ ഇടം നേടും.

അതിനാല്‍, റിഷഭ് പന്തിന് ആ ഇലവനില്‍ ഇടം നേടുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നുന്നു,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

Content Highlight: Former Indian Super Star Wasim Jaffer trolls Micheal Vaughn

We use cookies to give you the best possible experience. Learn more