ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ഒരു കാലഘട്ടത്തിന്റെ ഇന്നിംഗ്‌സാണ് താരം കഴ്ചവെച്ചതെന്നാണ് സേവാഗ് പറഞ്ഞത്.
‘ജോണി ബെയര്‍സ്‌റ്റോ, ഒരു കാലഘട്ടത്തിന്റെ ഇന്നിംഗ്‌സ്. നിങ്ങള്‍ ഇതുവരെ കാണാത്ത നാലാം ഇന്നിങ്‌സിലെ കൗണ്ടര്‍ അറ്റാക്ക്. വെല്‍ ഡണ്‍ ഇംഗ്ലണ്ട്. ടെസ്റ്റ് ക്രിക്കറ്റാണ് ബെസ്റ്റ് ക്രിക്കറ്റ്,’ സേവാഗ് ട്വീറ്റ് ചെയ്തു.
Jonny Bairstow, an innings of a lifetime, one of the best counter-attacking 4th innings you will ever see.Well done England , Test Cricket is Best Cricket. #ENGvNZpic.twitter.com/BV5dVzbIqk
ഫോര്‍മാറ്റ് മറന്ന കളിയാണ് ബെയര്‍സ്റ്റോ കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ ടി-20 കളിക്കുന്ന താരത്തെയാണ് ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് കാണേണ്ടി വന്നത്.
രണ്ടാം ടെസ്റ്റില്‍ അവസാന ദിനം 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് പട ഒരു വേളയില്‍ പരാജയത്തെ മുമ്പില്‍ കണ്ട ശേഷമാണ് വീരോചിതമായി തിരിച്ചുവന്നത്.
എണ്ണം പറഞ്ഞ സെഞ്ചുറി സ്വന്തമാക്കിയ ജോണി ബെയര്‍സ്റ്റോയും പിന്തുണയുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ചേര്‍ന്നതോടെയാണ് കിവികള്‍ പരാജയം രുചിച്ചത്. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം.
ഇതോടെ മൂന്ന് മത്സരമടങ്ങിയ പരമ്പര 2-0ന് ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കി. ഒരു മത്സരം ശേഷിക്കവെയാണ് ഇംഗ്ലണ്ടിന്റെ പരമ്പര വിജയം. സ്‌കോര്‍ ന്യൂസിലന്‍ഡ് 553, 284, ഇംഗ്ലണ്ട് 539, 299-5
299 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് രണ്ടാം ഓവറില്‍ തന്നെ സാക്ക് ക്രോളിയെ (0) നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിയിരുന്നു ക്രോളിയെ മടക്കിയത്. ഇംഗ്ലണ്ട് സ്‌കോര്‍ 50 കടന്നതിന് പിന്നാലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഓലി പോപ്പിനെ (18) മാറ്റ് ഹെന്റി പുറത്താക്കി. തകര്‍പ്പന്‍ ഫോമിലുള്ള ജോ റൂട്ടിനെ (3) ബോള്‍ട്ട് മടക്കിയതോടെ 56-3ലേക്ക് വീണ ഇംഗ്ലണ്ട് പരാജയം മണത്തു.
സ്‌കോര്‍ 100 കടക്കും മുമ്പ് ജാക് ലീസിനെ(44) ടിം സൗത്തിയും മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. സമനിലയെങ്കില്‍ സമനില എന്ന പ്രതീക്ഷമാത്രമുണ്ടായിരുന്ന ഇംഗ്ലണ്ട് ടീമിനെ പോലും അമ്പരപ്പിച്ചായിരുന്നു ബെയര്‍സ്റ്റോയുടെ വെടിക്കെട്ട്.
അവസാന ദിനം ചായക്ക് പിരിയുമ്പോള്‍ 139-4 എന്ന സ്‌കോറിലായിരുന്നു ഇംഗ്ലണ്ട്. ആറ് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് അവസാന സെഷനില്‍ 160 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ചായക്കുശേഷമുള്ള ആദ്യ ഓവറില്‍ തന്നെ മാറ്റ് ഹെന്റിയുടെ ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് 52 പന്തില്‍ ബെയര്‍സ്റ്റോ അര്‍ധസെഞ്ചുറിയിലെത്തി. പിന്നീട് മാറ്റ് ഹെന്റിയെയും ബോള്‍ട്ടിനെയും ബ്രേസ്വെല്ലിനെയും തെരഞ്ഞെുപിടിച്ച് ആക്രമിച്ച ബെയര്‍സ്റ്റോ 77 പന്തില്‍ സെഞ്ച്വറിയടിക്കുകയായിരുന്നു.
Thank you for hosting us @TrentBridge and to all our fans for the amazing support, as always ❤️
അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലെത്താനെടുത്തത് 25 പന്തുകള്‍ മാത്രമാണ് ഇംഗ്ലീഷ് താരത്തിന് വേണ്ടി വന്നത്. ചായക്ക് ശേഷമുള്ള സെഷനിലെ അവസാന 20 ഓവറില്‍ ബെയര്‍സ്റ്റോയും സ്റ്റോക്സും ചേര്‍ന്ന് 179 റണ്‍സാണ് അടിച്ചുകൂട്ടിയത് ലക്ഷ്യത്തിലേക്ക് 27 റണ്‍സ് അകലെ 92 പന്തില്‍ 136 റണ്‍സടിച്ച ബെയര്‍സ്റ്റോയെ ബോള്‍ട്ട് മടക്കിയെങ്കിലും ബെയര്‍സ്‌റ്റോ വിനാശം വിതച്ചിരുന്നു.
14 ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് ബെയര്‍സ്റ്റോയുടെ വെടിക്കെട്ട് ഇന്നിംഗ്സ്.
55 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബെന്‍ സ്റ്റോക്സ് 70 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ബെയര്‍സ്റ്റോ പുറത്തായശേഷം ബെന്‍ ഫോക്സിനെ(12) കൂട്ടുപിടിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ജയം പൂര്‍ത്തിയാക്കി.
ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ വേഗമേറിയ സെഞ്ച്വറി നേടുന്ന രണ്ടാമത് ബാറ്ററാവാനും ബെയര്‍സ്‌റ്റോയ്ക്കായി. 1902ല്‍ ഓസീസിനെതിരെ ഓവലില്‍ വെച്ച് 76 പന്തില്‍ സെഞ്ച്വറിയടിച്ച ഗില്‍ബെര്‍ട്ട് ജോസഫ് മാത്രമാണ് ബെയര്‍സ്റ്റോക്ക് മുന്നിലുള്ളത്.
2015ല്‍ 85 പന്തില്‍ നിന്നും സെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്‌സും 1981ല്‍ 86 പന്തില്‍ നൂറടിച്ച ഇയാന്‍ ബോതവുമാണ് മൂന്നും നാലും സ്ഥാനക്കാര്‍.
Content highlight: Former Indian Super Star Virender Sehwag Praises Johny Bairstow