| Monday, 31st October 2022, 10:00 am

നിങ്ങള്‍ നോക്കിക്കോ, ലോകകപ്പ് കഴിഞ്ഞാല്‍ അവന്‍ ക്രിക്കറ്റില്‍ നിന്നും തത്കാലത്തേക്ക് ഗുഡ് ബൈ പറയും, ഉറപ്പ്; പാകിസ്ഥാന്‍ യുവതാരത്തെ കുറിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ തങ്ങളുടെ പേരിനും പെരുമക്കും ഒത്ത പ്രകടനമല്ല മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ ഇതുവരെ മൂന്ന് മത്സരം കളിച്ച പാകിസ്ഥാന് ഒറ്റ വിജയം മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യ മത്സരത്തില്‍ അവസാന പന്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയോടും അവസാന പന്തില്‍ പരാജയമേറ്റുവാങ്ങിയിരുന്നു.

രണം അല്ലെങ്കില്‍ മരണം എന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു മൂന്നാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ ആറ് വിക്കറ്റിന് പാകിസ്ഥാന്‍ ജയിക്കുകയും ചെയ്തു.

താരങ്ങളുടെ മോശം ഫോമാണ് പാകിസ്ഥാന്‍ ലൈന്‍ അപ്പിനെ ബാധിക്കുന്ന പ്രധാന ഘടകം. ക്യാപ്റ്റന്‍ ബാബര്‍ അസം മുതലുള്ള താരങ്ങള്‍ ഇനിയും താളം കണ്ടെത്തിയിട്ടില്ല. ഷാന്‍ മസൂദ് മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ കണ്‍സിസ്റ്റന്റായി കളിക്കുന്നത്.

സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിക്കും ഇനിയും തന്റെ ബെസ്റ്റ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. പരിക്കിന്റെ പിടിയില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ ഷഹീനിന് തന്റെ പേസിലൂടെ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ സാധിച്ചിട്ടില്ല.

ആദ്യ രണ്ട് മത്സരത്തിലും വിക്കറ്റ് നേടാന്‍ സാധിക്കാതിരുന്ന ഷഹീനിന് ലോകകപ്പിലെ ആദ്യ വിക്കറ്റ് നേടാനായത് നെതര്‍ലന്‍ഡ്‌സിനോടാണ്. ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗിനെയാണ് താരം പുറത്താക്കിയത്.

നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് ഷഹീന്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ നിന്നും വിക്കറ്റ് സ്വന്തമാക്കിയത്.

എന്നാല്‍ ഷഹീനിന്റെ പ്രകടനം വിലയിരുത്തിയ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലോകകപ്പിന് ശേഷം ഷഹീന്‍ ക്രിക്കറ്റില്‍ നിന്നും കുറച്ചുനാളത്തേക്കെങ്കിലും അവധിയെടുത്ത് വിശ്രമിക്കുമെന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെടുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

‘ഒരു കാര്യം എനിക്കുറപ്പാണ്, അവന്‍ കാര്യമായ വേദന അനുഭവിക്കുന്നുണ്ട്. വേദന അനുഭവിക്കുന്നുണ്ട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് അവന് ശാരീരികമായി പല പ്രശ്‌നങ്ങളും ഉണ്ടെന്നാണ്.

അവനെ കുറച്ച് നേരത്തെ തന്നെ ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ അവന് മേലുള്ള പ്രതീക്ഷകളും വളരെ വലുതായിരിക്കും.

ഇത് ലോകകപ്പാണ്, അതുകൊണ്ട് തന്നെ അവന് മേല്‍ സമ്മര്‍ദ്ദമുണ്ടാകും, അവന് കളിക്കേണ്ടിയും വരും. അവന്‍ ടീമിനൊപ്പമുണ്ടാകണമെന്ന് രാജ്യമൊന്നാകെ ആഗ്രഹിക്കുന്നു. സെലക്ടര്‍മാരും അത് തന്നെ ചിന്തിക്കുന്നു.

എന്നാല്‍ പതുക്കെ മാത്രമേ അവന് തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. ടൂര്‍ണമെന്റ് പുരോഗമിക്കും തോറും അവന്‍ താളം കണ്ടെത്തും. ഈ ലോകകപ്പിന് ശേഷം അവന്‍ നീണ്ട ഒരു ഇടവേളയെടുക്കുന്നത് എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്,’ രവി ശാസ്ത്രി പറയുന്നു.

വരാനിരിക്കുന്ന മത്സരത്തില്‍ ഷഹീന്‍ അഫ്രിദി തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.

നവംബര്‍ മൂന്നിനാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. സിഡ്‌നിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content highlight: Former Indian super star Ravi Shastri about Shaheen Shah Afridi

We use cookies to give you the best possible experience. Learn more