| Friday, 16th September 2022, 2:53 pm

പാകിസ്ഥാന്‍ പഴയ പാകിസ്ഥാനല്ല, നോക്കി കളിച്ചിട്ടില്ലെങ്കില്‍ പണി ഇരന്ന് വാങ്ങുന്ന പോലെയാകും; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍. ഇരു ടീമുകളും ഗ്രൗണ്ടില്‍ ഏറ്റുമുട്ടുമ്പോള്‍ എന്നും കാണികള്‍ക്ക് ദൃശ്യവിരുന്നായിരുന്നു സമ്മാനിച്ചിരുന്നത്.

രാഷ്ട്രീയ- നയതന്ത്ര കാരണങ്ങളാല്‍ ഐ.സി.സി. ഇവന്റുകളില്‍ മാത്രമാണ് ഇരുവരും ഏറ്റുമുട്ടാറുള്ളത്. ഒരുകാലത്ത് ഇന്ത്യക്കായിരുന്നു മത്സരങ്ങളില്‍ എപ്പോഴും അപ്പര്‍ ഹാന്‍ഡ് ലഭിച്ചിരുന്നത്. ഇന്ത്യയുടെ വിജയത്തെ പുകഴ്ത്തിയും പാകിസ്ഥാന്റെ തോല്‍വിയെ കളിയാക്കിക്കൊണ്ടും പരസ്യങ്ങള്‍ വരെ ഉണ്ടായിരുന്നു.

എന്നാല്‍ കുറച്ചുനാളുകളായി മത്സരങ്ങളില്‍ പാകിസ്ഥാന്‍ ഉയര്‍ന്നുവരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ടി-20 ലോകകപ്പിലും ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലും പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

പാകിസ്ഥാന്റെ പ്രകടനത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുകയാണഅ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പാര്‍ഥിവ് പട്ടേല്‍.

പാകിസ്ഥാന്‍ പഴയ പാകിസ്ഥാനല്ലെന്നും സൂക്ഷിക്കണമെന്നുമാണ് പാര്‍ഥിവ് ഇന്ത്യന്‍ താരങ്ങളെ ഉപദേശിക്കുന്നത്.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനോടാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ഥിവ് നിര്‍ണായക ഉപദേശം ടീമിന് നല്‍കുന്നത്.

ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പട്ടേല്‍ ഇക്കാര്യം പറഞ്ഞത്.

‘വിജയിച്ചുകൊണ്ട് ഒരു ടൂര്‍ണമെന്റ് തുടങ്ങുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. 50 ഓവര്‍ ലോകകപ്പില്‍ ഒരു മത്സരത്തില്‍ തോറ്റാലും തിരിച്ചുവരവ് അത്ര പ്രയാസകരമല്ല, എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ സ്ഥിതി അങ്ങനെയല്ല.

നമ്മളുടെ ആദ്യ മത്സരം പാകിസ്ഥാനോടാണ്. എന്നാല്‍ ഏഷ്യാ കപ്പിലെ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ വളരെ വലുതാണ്, നമ്മള്‍ സൂക്ഷിച്ചേ മതിയാവൂ.

അവര്‍ കരുതുന്നത് നമ്മളെ തോല്‍പിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ്. മുമ്പ് അവര്‍ക്ക് നമ്മുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. ഇന്ന് ഇന്ത്യക്ക് മുമ്പില്‍പുതിയ വെല്ലുവിളികള്‍ ഉയരുകയാണ്,’ പട്ടേല്‍ പറയുന്നു.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഒക്ടോബര്‍ 23നാണ് ഇരുവരും തങ്ങളുടെ ആദ്യ മത്സരത്തില്‍ പരസ്പരം ഏറ്റമുട്ടുന്നത്.

Content Highlight: Former Indian super star Parthiv Patel warns India before clash with Pakistan

We use cookies to give you the best possible experience. Learn more