| Sunday, 11th September 2022, 8:04 am

'അതൊരിക്കലും സച്ചിനോട് പറയരുത്, അദ്ദേഹം മൈന്‍ഡ് പോലും ചെയ്യില്ല' സച്ചിന്റെ ഭീകരമായ അന്ധവിശ്വാസം തുറന്നുകാട്ടി കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് കണ്ട എക്കാലത്തേയും പ്രതാപശാലിയായ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ഒരു ഭാവുകത്വം പകര്‍ന്നുതന്ന സച്ചിനെ കുറിച്ച് സംസാരിക്കാത്ത ഒരു ക്രിക്കറ്റ് ദിനങ്ങളും ഇന്ത്യയില്‍ ഉണ്ടായിരിക്കില്ല.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റിലെ സജീവ ചര്‍ച്ചാ വിഷയം സച്ചിനായിരുന്നു. കഴിഞ്ഞ ദിവസം നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ പഴയ ക്ലാസിക് പ്രകടം പുറത്തെടുത്തായിരുന്നു ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയിലേക്ക് വീണ്ടുമെത്തിയത്.

2021ലെ ടൂര്‍ണമെന്റിന്റെ ഫസ്റ്റ് എഡിഷനില്‍ സച്ചിന്‍ നയിച്ച ടീമായിരുന്നു ചാമ്പ്യന്‍മാരായത്. ആ ഡോമിനന്‍സ് വീണ്ടുമാവര്‍ത്തിച്ച സച്ചിനും കൂട്ടരും വിജയത്തോടെയാണ് ഈ എഡിഷന്‍ തുടങ്ങിയതും. എന്നാല്‍ സച്ചിനെ കുറിച്ചുള്ള വിചിത്രമായ ഒരു കാര്യം വെളിപ്പെടുത്തുകയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡറും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവുമായ മുഹമ്മദ് കൈഫ്.

സച്ചിന്റെ ഏറെ വിചിത്രമായ അന്ധവിശ്വാസത്തെ കുറിച്ചാണ് കൈഫ് പറയുന്നത്. കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തോട് ഒരു കാരണവശാലും ‘ഓള്‍ ദി ബെസ്റ്റ്’ എന്ന് പറയരുതെന്നും അഥവാ ആരെങ്കിലും അത് പറഞ്ഞാല്‍ അദ്ദേഹം അവരെ പരിഗണിക്കാതെ ഒഴിവാക്കുമെന്നുമാണ് കൈഫ് പറയുന്നത്.

ക്രിക്കറ്റ് കണ്‍ട്രിയുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കൈഫ് ഇക്കാര്യം പറയുന്നത്.

‘ഓള്‍ ദി ബെസ്റ്റ്, ഇതൊരിക്കലും അദ്ദേഹത്തോട് പറയാന്‍ നില്‍ക്കരുത്. അദ്ദേഹം നിങ്ങളെ അവഗണിക്കും. നിങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യില്ല. ആരെങ്കിലും സച്ചിനോട് ഓള്‍ ദി ബെസ്റ്റ് പറഞ്ഞാല്‍ അദ്ദേഹത്തിന് അധിക പ്രഷര്‍ ആണ് ഉണ്ടാവുക,’ കൈഫ് പറയുന്നു.

കഴിഞ്ഞ സീസണില്‍ സച്ചിനൊപ്പം റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് കളിച്ച കൈഫ്, ഇത്തവണ ടൂര്‍ണമെന്റിന്റെ ഭാഗമല്ല. സച്ചിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പന്‍ പേരുകാരും ഇത്തവണ ടീമിലുണ്ട്. യുവരാജ് സിങ്, യൂസുഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ഈയിടെ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച സുരേഷ് റെയ്‌ന തുടങ്ങി എണ്ണം പറഞ്ഞ താരങ്ങളാണ് ടീമിനൊപ്പം ഉള്ളത്.

ഇതിന് പുറമെ ലോക ക്രിക്കറ്റിലെ ലെജന്‍ഡുകളായ സനത് ജയസൂര്യ, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, റോസ് ടെയലര്‍, ജോണ്ടി റോഡ്‌സ്, തിലകരത്‌നെ ദില്‍ഷന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ടൂര്‍ണമന്റിന്റെ ഭാഗമാണ്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ലെജന്‍ഡ്‌സും സൗത്ത് ആഫ്രക്ക ലെജന്‍ഡ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 217 റണ്‍സായിരുന്നു സ്വന്തമാക്കിയത്.

സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ബാറ്റിങ് കരുത്തിലായിരുന്നു ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 42 പന്തില്‍ നിന്നും 82 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. ബിന്നിക്ക് പുറമെ റെയ്‌നയും യൂസഫ് പത്താനും മികച്ച സ്‌കോര്‍ തങ്ങളുടെ പേരില്‍ കുറിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. 27 പന്തില്‍ നിന്നും 38 റണ്‍സ് നേടിയ ജോണ്ടി റോഡ്‌സാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍.

Content highlight: Former Indian super star Muhammed Kaif about Sachin Tendulkar’s superstition

We use cookies to give you the best possible experience. Learn more