| Friday, 8th July 2022, 4:19 pm

ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലിയെ മൂലക്കിരുത്തും: സഹീര്‍ ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ലിമിറ്റഡ് ഓവര്‍ പരമ്പരകള്‍ക്ക് തുടക്കമായിരിക്കുകയാണ്. റോസ് ബൗളില്‍ വെച്ച് നടന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നുന്ന വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

രണ്ടാം മത്സരം ശനിയാഴ്ച ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് നടക്കുക.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടി-20യില്‍ ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലിയടക്കമുള്ള സൂപ്പര്‍ താരങ്ങളെ ബെഞ്ചിലിരുത്തുമെന്ന് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ സഹീര്‍ ഖാന്‍. കോഹ്‌ലി, റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെ ബെഞ്ചിലിരുത്താനാണ് സാധ്യതയെന്നും ആദ്യ ടി-20യില്‍ കളിച്ച അതേ ടീം തന്നെ അടുത്ത രണ്ട് മത്സരങ്ങളിലും ഇറക്കണമെന്നുമായിരുന്നു സഹീര്‍ ഖാന്‍ പറഞ്ഞത്.

ക്രിക് ബസ്സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഏത് രീതിയിലാണ് ടീം സെലക്ഷന്‍ നടക്കുക എന്ന കാര്യം ഇരുന്ന് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് നമ്മള്‍ എല്ലാവരും കണ്ടതാണ്.

അവര്‍ പരമ്പരയിലെ മറ്റു മത്സരങ്ങളിലും ഒരു മാറ്റവും വരുത്താന്‍ പോവുന്നില്ല. അവര്‍ പ്ലെയിങ് ഇലവനില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി അഥവാ ഒരു മാറ്റം വരികയാണെങ്കില്‍ അതെന്താണെന്ന് കാത്തിരുന്ന് തന്നെ കാണണം,’ സഹീര്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യ പ്രധാനമായ ഒരു മാറ്റം വരുത്താന്‍ സാധ്യത കാണുന്നുണ്ട്. ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയ അര്‍ഷ്ദീപ് സിങ്ങിന് പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമില്‍ ഇടം നേടിയേക്കും.

മികച്ച പ്രകടനമായിരുന്നു അര്‍ഷ്ദീപ് കഴിഞ്ഞ ദിവസം നടത്തിയത്. 3.3 ഓവര്‍ എറിഞ്ഞ താരം 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കിയരുന്നു.

താരസമ്പന്നമായ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും ശക്തമായ ഒരു ഇലവനെ ഇറക്കുക എന്നത് തന്നെയാവും ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.

ബാറ്റര്‍മാരും ബൗളേഴ്‌സും നിറഞ്ഞാടിയതോടെയാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം മുതലെ ആക്രമിച്ച് കളിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ നേരത്തെ മടങ്ങിയെങ്കിലും രോഹിത്തും ദീപക് ഹൂഡയും ഇന്ത്യയെ ട്രാക്കിലാക്കി പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് നടത്തുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ നിരയിലെ യഥാര്‍ത്ഥ ഹീറോ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു. ബാറ്റിങ്ങില്‍ 30 പന്തില്‍ 51 റണ്‍സ് നേടിയ ഹര്‍ദിക് ബൗളിങ്ങില്‍ നാല് വിക്കറ്റും നേടി. ഹര്‍ദിക്ക് തന്നെയായിരുന്നു കളിയിലെ താരവും.

സൂര്യകുമാര്‍ 19 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ഹൂഡ 33ഉം രോഹിത് 24ഉം റണ്‍ നേടി. അക്‌സര്‍ പട്ടേലും ദിനേഷ് കാര്‍ത്തിക്കും ഫിനിഷിങ്ങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 198 എന്ന മികച്ച ടോട്ടല്‍ കരസ്ഥമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളിങ് നിര വരിഞ്ഞുമുറുക്കുകയായിരുന്നു. വെല്ലുവിളിയുമായെത്തിയ ക്യാപറ്റന്‍ ജോസ് ബട്ലര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോല്‍ തന്നെ ഇംഗ്ലീഷ് നിര അപകടം മണത്തു. തുടര്‍ന്ന വന്ന ബാറ്റര്‍മാര്‍ക്കും ചെറുത്തുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇംഗ്ലീഷ് പടയുടെ പോരാട്ടം 50 റണ്‍സകലെ അവസാനിച്ചു.

Content Highlight: Former Indian star Zaheer Khan says India Will Bench Virat Kohli, Rishabh Pant and Ravindra Jadeja for Upcoming T20s

We use cookies to give you the best possible experience. Learn more