| Tuesday, 6th December 2022, 6:10 pm

രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് പത്തില്‍ എത്ര മാര്‍ക്ക്? ഇന്ത്യന്‍ നായകന് മാര്‍ക്കിട്ട് യുവരാജ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്. ഏഷ്യാ കപ്പിലെയും ടി-20 ലോകകപ്പിലെയും തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ഇന്ത്യയുടെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രോഹിത് സ്വയം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

ഇപ്പോള്‍ നടക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനോട് തോറ്റതിന് പിന്നാലെ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായിട്ടാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം നടക്കുന്നത്. ആദ്യ മത്സരം തോറ്റെങ്കിലും വരും മത്സരങ്ങളില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ സ്‌പോര്‍ട്‌സ് കീഡയുടെ ഒരു പോസ്റ്റും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നുണ്ട്.

സ്‌പോര്‍ട്‌സ് കീഡ പങ്കുവെച്ച ഒരു പോസ്റ്റിന് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് നല്‍കിയ കമന്റാണ് ഇതിനെ ചര്‍ച്ചയിലേക്കെത്തിച്ചത്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് പത്തില്‍ എത്ര മാര്‍ക്ക് കൊടുക്കുമെന്നായിരുന്നു സ്‌പോര്‍ട്‌സ് കീഡിയുടെ ചോദ്യം. ഇതിന് പത്തില്‍ പത്ത് മാര്‍ക്കും നല്‍കുമെന്നായിരുന്നു യുവരാജിന്റെ മറുപടി.

യുവരാജിന്റെ ഈ കമന്റ് ക്രിക്കറ്റ് ലോകത്തെ ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന്റെ ബൗളിങ് നിരക്ക് മുമ്പില്‍ ഉത്തരമില്ലാതെയാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. പത്ത് ഓവര്‍ പന്തെറിഞ്ഞ് കേവലം 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസനും 8.2 ഓവറില്‍ 47 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ എദാബോത് ഹുസൈനുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 186 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

ഇന്ത്യയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടെങ്കിലും ബംഗ്ലാദേശിനും ചെയ്‌സിങ് എളുപ്പമായിരുന്നില്ല. ഒടുവില്‍ 46 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഏറെ പണിപ്പെട്ടാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.

ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ബംഗ്ലാദേശിന് സാധിച്ചു.

ഡിസംബര്‍ ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഇതേ സ്റ്റേഡിയത്തില്‍ വെച്ച് തന്നെയാണ് മത്സരം നടക്കുന്നത്.

Content Highlight: Former Indian star Yuvraj Singh Rates Rohit Sharma’s Captaincy

We use cookies to give you the best possible experience. Learn more