Sports News
ഒന്നുമല്ലെങ്കിലും കാലങ്ങള്‍ക്ക് ശേഷം ടീമിലെത്തിയ ആ അമ്പോറ്റി ദിനേഷ് കാര്‍ത്തിക്കിനോട് ഇങ്ങനെ ഒന്നും ചെയ്യരുതായിരുന്നു, അതും നിങ്ങളെ പോലെ ഒരാള്‍...
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 09, 09:53 am
Thursday, 9th June 2022, 3:23 pm

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയിരുന്നു. കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. 2019ലെ ലോകകപ്പിന് ശേഷം കാര്‍ത്തിക് ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല.

ഇപ്പോഴിതാ, ടീമിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ താരത്തിന് ‘ഗംഭീര സ്വീകരണമാണ്’ മുന്‍ ഇന്ത്യന്‍ താരവും ഡൊമസ്റ്റിക് ക്രിക്കറ്റിലെ പുലിയുമായ വസീം ജാഫര്‍ നല്‍കിയിട്ടുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒഫീഷ്യല്‍ ട്രോളനായ വസീം ജാഫര്‍ എന്നത്തേയും പോലെ ഒരു മീം പങ്കുവെച്ചാണ് ദിനേഷ് കാര്‍ത്തിക്കിനെ സ്വീകരിച്ചത്.

‘ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയെത്തിയ ദിനേഷ് കാര്‍ത്തിക്’ എന്ന ക്യാപ്ഷനോടെ ഷാരൂഖ് ഖാന്‍ ചിത്രമായ കരണ്‍ അര്‍ജുനിലെ ഒരു രംഗമാണ് വസീം ജാഫര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

വീഡിയോയില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം, ‘ഈ സ്ഥലം മുമ്പ് ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു, ഇതിന് മുമ്പ് ഞാനിവിടെ വര്‍ക് ചെയ്തിരുന്നു,’ എന്ന ഡയലോഗാണ് പറയുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം തന്റെ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ കാര്‍ത്തിക്കിനെ സ്വീകരിക്കാന്‍ ഇതിലും നല്ല മീം വേറെയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് ചോദിക്കുന്ന ആരാധകരും കുറവല്ല.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പരിക്കേറ്റ് ക്യാപ്റ്റന്‍ കെ. എല്‍. രാഹുല്‍ പുറത്തായിരുന്നു. പ്രാക്ടീസിനിടെ ഞെരമ്പിനേറ്റ പരിക്കാണ് വില്ലനായത്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായിരുന്നു.

രാഹുലിന്റെ അഭാവത്തില്‍ റിഷബ് പന്തിനാണ് ക്യാപ്റ്റന്റെ ചുമതല. ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

ഓപ്പണര്‍ കൂടിയായ രാഹുല്‍ ടീമില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം ഇഷാന്‍ കിഷനാവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

വണ്‍ഡൗണായി ശ്രേയസ് അയ്യരും കളത്തിലിറങ്ങും. ഹര്‍ദിക് പാണ്ഡ്യ നാലാമനായും പന്ത് അഞ്ചാമനായുമാവും കളിക്കാനിറങ്ങുക.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടക്കുന്നത്.

കട്ടക്ക്, വിശാഖ്, രാജ്‌കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മറ്റ് മത്സരങ്ങള്‍ നടക്കുന്നത്.

 

Content Highlight: Former Indian Star Wasim Jaffer trolls Dinesh Karthik